സര്‍ക്കാരിന്റെ വ്യവസായനയം യുവാക്കളെ മനസില്‍ കണ്ട്: എ.കെ ശശീന്ദ്രന്
കോഴിക്കോട്: വ്യവസായ വകുപ്പിനെ വ്യവസായ വികസന വകുപ്പാക്കി മാറ്റാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കോഴിക്കോട് കടവ് റിസോര്‍ട്ടിനു സമീപത്തായി ആരംഭിച്ച റൈസിങ് കേരള-2016 അന്താരാഷ്ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തേക്ക് കടുന്നുവരുന്ന യുവാക്കളെ കൂടി മനസില്‍ കണ്ടാണ് സര്‍ക്കാര്‍ വ്യവസായനയം ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യവസായിക മേഖലയുടെ പ്രധാന്യം വളരെ വലുതാണ്. പുതിയ ഉല്പന്നങ്ങള് പരിചയപ്പെടുത്തുക വഴി നൂതന സംരംഭങ്ങള്‍ക്ക് അവസരമൊരുക്കാന്‍ സാധിക്കും. പലപ്പോഴും ഭരണനടപടികളിലെ കാലതാമസം വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം സര്‍ക്കാര്‍തലത്തില്‍ പരിഹരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രദര്‍ശനത്തില്‍ പ്രത്യേകം തയാറാക്കിയ പ്ലാസ്റ്റിക് എക്സ്പോയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഫൂട്ട്വെയര്, ഫുഡ്, വുഡ്, എന്‍ജിനിയറിങ്, പ്ലാസ്റ്റിക് റീസൈക്ലിങ്, ബില്‍ഡിങ്, ഐ.ടി എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലായി നാന്നൂറിലേറെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. എക്സിബിറ്റേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ടി.വി ഇബ്രാഹിം എം.എല്‍.എ സി.എല്‍.ഇ ചെയര്മാന് റഫീഖ് അഹമ്മദിനു നല്കി നിര്‍വഹിച്ചു. വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷനായി. റൈസിങ് കേരള ചെയര്മാന് എം. ഖാലിദ്, ജനറല്‍ കണ്‍വീനര്‍ വി.കെ.സി നൗഷാദ്, പി.എം ഫ്രാന്‍സിസ്, ദാമോദര്‍ അവന്നൂര്‍, സുരേഷ്, രാജ്കുമാര് ഗുപ്ത, ഹര്‍ഷാദ് നായിക്, കെ.പി അബ്ദുല്‍ അസീസ് പ്രസംഗിച്ചു.
നിലവിലുള്ള വ്യവസായങ്ങളുടെ വൈവിധ്യവല്‍ക്കരണവും ഉല്പന്നങ്ങളെകുറിച്ചും മെഷിനറികളെ കുറിച്ചും നവസംരഭകര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ ഫൂട്ട്വെയര് ഇന്‍ഡസ്ട്രിയുടെ ദേശീയ സമ്മേളനത്തോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."