തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഇനിയും വികസിപ്പിക്കണമെന്ന് ഹജ്ജ് മന്ത്രി
ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ താമസം, യാത്ര, ഭക്ഷണം എന്നീ മേഖലകളില്‍ ഇനിയും വികസനം ഉണ്ടാകേണ്ടതുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ സംഘടിപ്പിച്ച പ്രത്യേക ഹജ്ജ് ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഒരുക്കങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് വിജയകരമാക്കാന്‍ സാഹായിച്ചിട്ടുണ്ട്. അതോടൊപ്പം ഹാജിമാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിപ്പക്കണം. ഹജ്ജ്-ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കിടയില്‍ പൂര്‍ണ സഹകരണവും അനിവാര്യമാണ്. ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേവനം മികച്ചതാക്കാന്‍ സ്വദേശികളായ യുവാക്കള്‍ക്ക് മികച്ച പരീശീലനം നല്‍കും.
ശില്‍പ്പശാലയില്‍ പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി പുതിയ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിക്കും മിനായ്ക്കുമിടയില്‍ പുതിയ റോഡ് പണിയണം എന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദേശം. ഹജ്ജ് തീര്‍ഥാടകരുടെ സുഗമമായ നീക്കങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഹറം പള്ളിയില്‍ നിന്നു മിനായിലേക്ക് പുതിയ തുരങ്കം പണിയുന്ന പദ്ധതിക്ക് കഴിഞ്ഞയാഴ്ച മക്കാ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ റോഡ് പണിയണമെന്ന നിര്‍ദേശം.
മക്കയ്ക്കും മദീനയ്ക്കുമിടയില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി അമ്പതിനായിരത്തില്‍ ഒതുക്കണം എന്നും നിര്‍ദേശമുണ്ട്. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. പുണ്യസ്ഥലങ്ങളുടെ ശുചീകരണത്തിനു നൂതനമായ സാങ്കേതിക സംവിധാനം കാണുക, അടുത്ത ഹജ്ജിനു മുമ്പായി മിനായിലെ എല്ലാ തമ്പുകളിലും എ.സി സ്ഥാപിക്കുക, അറഫയില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാന്‍ തീ പിടിക്കാത്ത തമ്പുകളോ കെട്ടിടങ്ങളോ പണിയുക, മിനായിലെ തമ്പുകളില്‍ നിന്ന് ട്രെയിന്‍ സ്റ്റേഷനിലെക്കുള്ള വഴികളില്‍ തീര്‍ഥാടകര്‍ക്ക് തണല്‍ നല്‍കുന്ന പന്തല്‍ നിര്‍മിക്കുക തുടങ്ങിയവയുമാണ് മുന്നോട്ടുവച്ച മറ്റു നിര്‍ദേശങ്ങള്‍.
വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഊദിയില്‍ എത്താനുള്ള അവസാന തിയ്യതി ദുല്‍ഹജ്ജ് അഞ്ച് അതായത് ഹജ്ജിനു മൂന്നു ദിവസം മുമ്പ് ആക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 45 വകുപ്പുകളില്‍ നിന്നുള്ള 130 വിദഗ്ധരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മക്കാ ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."