പ്രതികരിക്കാത്ത സമൂഹമേ ഇതു നാണക്കേട്..,
നോട്ടുപിന്‍വലിക്കലിന്റെ ദുരിതം സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കെയാണ് കോടാനുകോടികള്‍ മുടക്കി ഇവിടെ ചില വിവാഹമാമാങ്കങ്ങള്‍ നടന്നത്. അതില്‍ രണ്ടെണ്ണം ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ മക്കളുടേതായിരുന്നു. മറ്റൊന്ന്, പ്രബുദ്ധമെന്നു മേനിനടിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാരനായ മുന്‍മന്ത്രിയുടെ മകന്റേതും. മുന്‍മന്ത്രിയുടെ മകന്‍ വിവാഹം കഴിച്ചത് ശ്രീനാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനങ്ങളിലൊന്നിന്റെ നേതാവിന്റെ മകളെയും.
പണം പുല്ലുപോലെ വാരിവിതറി നടത്തിയ ഈ വിവാഹപ്പൂരങ്ങളില്‍ പങ്കാളികളാകാന്‍ വെളുക്കെച്ചിരിച്ചെത്തിയവരില്‍ ആദര്‍ശത്തിന്റെ പുറംപൂച്ചണിഞ്ഞ രാഷ്ട്രീയവേഷങ്ങള്‍ പലതുമുണ്ടായിരുന്നു. പങ്കെടുത്തു മൂക്കറ്റം ഭക്ഷണം കഴിച്ചുപോയവരെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍, ഇത്തരം ആര്‍ഭാടപ്പേക്കൂത്തുകള്‍ കണ്ടിട്ടും സ്വമേധയാ പ്രതികരിക്കാതിരിക്കുകയും പ്രതികരണമാരാഞ്ഞിട്ടുപോലും ഒഴിഞ്ഞുമാറുകയും ചെയ്തവരെക്കുറിച്ചു നാണക്കേടു തോന്നുന്നു.
സാമ്പത്തികമായി നട്ടംതിരിയുന്ന സാധാരണക്കാരനെ കൊഞ്ഞനംകുത്തുന്ന വിവാഹമാമാങ്കം കേരളത്തിലും ആവര്‍ത്തിച്ചപ്പോള്‍ വിവാഹധൂര്‍ത്തിനെതിരേ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ 'സുപ്രഭാതം' ആലോചിച്ചു. പല സാംസ്‌കാരികനായകന്മാരെയും സമീപിച്ചു. 'ശരിയാണ്. എന്റെ അഭിപ്രായവും നിങ്ങള്‍ ഉദ്ദേശിക്കുന്നതൊക്കെ തന്നെയാണ്. എന്നാല്‍, ഇവരില്‍ പലരുമായി വ്യക്തിബന്ധമുള്ളതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചാല്‍ ശരിയാകില്ല.' ഈ മട്ടിലായിരുന്നു മിക്കവരുടെയും പ്രതികരണം.
വിവാഹപരിപാടികള്‍ ലളിതമാകണമെന്നു മൈക്കിനുമുന്നില്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് മേല്‍സൂചിപ്പിച്ചവരുള്‍പ്പെടെ ഒട്ടുമിക്ക പൊതുപ്രവര്‍ത്തകരും ആചാര്യന്മാരും. എന്നാലും, അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ പരസ്യമായി രംഗത്തുവരാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെയും ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും മറ്റും പേരില്‍ ഊറ്റംകൊള്ളുന്നവരാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറ്റുപിടിച്ച കരിങ്കല്ലുപോലെ ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
ബി.ജെ.പി നേതാവും മുന്‍ കര്‍ണാടകമന്ത്രിയുമായ ജനാര്‍ദ്ദനറെഡ്ഡി വിവാഹ ആര്‍ഭാടത്തിനായി 500 കോടിയിലേറെ രൂപ പൊടിച്ചെന്നാണു പറയുന്നത്. ആര്‍ഭാടവിവാഹത്തിന്റെ മറവില്‍ അദ്ദേഹം 100 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന് അതിനു സഹായിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഭീഷണിമൂലമാണ് ആ പാവം ആത്മഹത്യ ചെയ്തത്.
തൊട്ടുപിന്നാലെ അതിലും കെങ്കേമമായ വിവാഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തി. വി.വി.ഐ.പിമാരെ എത്തിക്കാന്‍ മാത്രം പത്തു വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തുവെന്നാണു വാര്‍ത്ത. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ എണ്ണത്തില്‍ മാത്രമേ ഗഡ്കരി എതിര്‍ത്തു പ്രതികരിച്ചിട്ടുള്ളു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായും മറ്റും ഉള്‍പ്പെടെ ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിത്തിരിച്ച വിവിധ പാര്‍ട്ടികളിലെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അടൂര്‍ പ്രകാശിന്റെ മകനും കെ.എം മാണിയുടെ അഴിമതിക്കെതിരേ 'സത്യമാര്‍ഗത്തിലൂടെ' പോരാടിയെന്ന് അവകാശപ്പെടുന്നയാളും സര്‍വോപരി മദ്യക്കച്ചവടക്കാരനുമായ ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹനിശ്ചയാഘോഷത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തതുതന്നെ വിവാദമായിരുന്നു. എന്നിട്ടും, അത്യാര്‍ഭാടത്തോടെയാണു വിവാഹം നടത്തിയത്. പന്തലിനു തന്നെ കോടികള്‍ ചെലവായതായാണു പറയുന്നത്. ആ ചടങ്ങിലും ഗാന്ധിജി നയിച്ച കോണ്‍ഗ്രസിലാണു തങ്ങളെന്ന് അഭിമാനം കൊള്ളുന്ന വി.ഐ.പി ഖദര്‍ധാരികള്‍ പലരും പങ്കെടുത്തു.
അവരുടെയും ഇത്തരം വിവാഹങ്ങള്‍ക്കെതിരേ നട്ടെല്ലുനിവര്‍ത്തി പ്രതികരിക്കാന്‍ മടിച്ചവരുടെയും ഓര്‍മയ്ക്കായി രണ്ടുമൂന്നു ചരിത്രസംഭവങ്ങള്‍ ഇവിടെ കുറിക്കട്ടെ. ദക്ഷിണാഫ്രിക്കയില്‍നിന്നു ഇന്ത്യയിലെത്തിയ മഹാത്മജിയുടെ വേഷം ഒറ്റത്തോര്‍ത്തായിരുന്നില്ല. ബിലാത്തിയിലും ദക്ഷിണാഫ്രിക്കയിലും ദീര്‍ഘകാലം ബ്രിട്ടീഷ് വേഷത്തില്‍ ജീവിച്ചയാളായിരുന്നു ഗാന്ധി. ഇന്ത്യയിലെത്തി ഇവിടുത്തെ ദരിദ്രജനതയുടെ ഉടുതുണിക്കു മറുതുണിയില്ലാത്ത അവസ്ഥ നേരില്‍ക്കണ്ടതു മുതലാണ് അദ്ദേഹം ശിഷ്ടജീവിതത്തില്‍ ഒറ്റമുണ്ടുടുത്തത്. അതൊരു നാട്യമായിരുന്നില്ല, മഹത്തായ സന്ദേശമായിരുന്നു.
ആര്‍ഭാടജീവിതത്തിനെതിരേ, പ്രത്യേകിച്ച് വിവാഹത്തിലെ ധൂര്‍ത്തിനെതിരേ അതിശക്തമായി പ്രതികരിച്ച ജീവിതമായിരുന്നു ശ്രീനാരായണഗുരുവിന്റേത്. ആര്‍ഭാടവിവാഹത്തിനെതിരേ ഗുരു പ്രതികരിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ചില ജീവചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. 'പെരിനാട് വേലായുധന്‍ മുതലാളിയെന്നയാളുടെ മകളുടെ വിവാഹത്തിന് ക്ഷണം ലഭിച്ചതിനാല്‍ ചെന്ന ഗുരു അവിടുത്തെ ധൂര്‍ത്തു കണ്ടു വിഷണ്ണനായി. വിവാഹസദ്യയില്‍ പങ്കെടുക്കാതെ അടുത്തുള്ള ക്ഷേത്രത്തിലെത്തി നിവേദ്യച്ചോറുവാങ്ങി വിശപ്പടക്കുകയായിരുന്നു.
പതിനായിരങ്ങള്‍ ഒരു നേരത്തെ അന്നത്തിനു കഷ്ടപ്പെടുന്ന നാട്ടില്‍ പണംപൊടിച്ചു ആഘോഷം നടത്തുന്നതിനെ പരസ്യമായിത്തന്നെ എതിര്‍ക്കണമെന്നാണു ഗുരു പഠിപ്പിച്ചത്. വിവാഹച്ചടങ്ങില്‍ വധുവും വരനുമുള്‍പ്പെടെ പത്താളുകള്‍ മാത്രമേ പങ്കെടുക്കാവൂ എന്നും ഗുരു പറഞ്ഞു. ഇന്ന്, ഗുരുവിന്റെ ആള്‍വലിപ്പത്തിലുള്ള ഛായാചിത്രത്തെ സാക്ഷിനിര്‍ത്തി സ്വര്‍ണത്തില്‍ പൊതിഞ്ഞ വിവാഹമാമാങ്കം നടത്തുന്നവര്‍ നടത്തുന്നത് അക്ഷന്തവ്യമായ ഗുരുനിന്ദയാണ്.
ലാളിത്യത്തിന്റെ ലോകത്തിലെ ഏറ്റവും മഹത്തായ മാതൃകയാണ് മുഹമ്മദ് നബിയുടെ ജീവിതം. അദ്ദേഹം ജീവിതാന്ത്യംവരെ താമസിച്ച വീടും ആരാധന നടത്തിയ പള്ളിയും ആര്‍ഭാടസൗധങ്ങളായിരുന്നില്ല. ഈത്തപ്പനയോല മേഞ്ഞവയും ശരിയായ ചുമരുകളില്ലാത്തവയുമായിരുന്നു. ബനൂനളീര്‍ ഗോത്രത്തലവന്റെ മകളായ സഫിയയുമായുള്ള തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ സ്വന്തം ഭക്ഷണം കരുതണമെന്നു നബി നിര്‍ദ്ദേശിച്ചതും ചരിത്രം.
ലാളിത്യം ജീവിച്ചു കാണിക്കേണ്ട നന്മയാണ്. ധൂര്‍ത്തിനെതിരായ മനോഭാവം പ്രതികരിച്ചു കാണിക്കേണ്ടതുമാണ്. അതിനു കഴിയാത്തവര്‍ പണച്ചാക്കുകളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കു നാണം തോന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."