'മമത'യേറുന്ന ദേശീയ രാഷ്ട്രീയം
ദേശീയരാഷ്ട്രീയത്തില്‍ അലയൊലി തീര്‍ത്തതാണു ബിഹാര്‍ രാഷ്ട്രീയം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജനതാദള്‍ യു നേതാവ് നിതീഷ്‌കുമാറിന്റെ തന്ത്രത്തില്‍ രൂപപ്പെട്ട മഹാസഖ്യം ബി.ജെ.പിയെ കടപുഴക്കി. സഖ്യം അവിടെനിന്നു വളര്‍ന്നു ദേശീയതലത്തില്‍ ബി.ജെ.പിയെ തളര്‍ത്തുമെന്നു പലരും വിശ്വസിച്ചു.
എന്നാല്‍, പിന്നീടു നടന്ന സംഭവങ്ങളെല്ലാം അതിനു വിപരീതമായി. ഇപ്പോള്‍ നിതീഷ് ബി.ജെ.പിയുമായി ബന്ധംപുലര്‍ത്തുന്നുവെന്നു രാഷ്ട്രീയജനതാദള്‍ നേതാവും നിതീഷിന്റെ അടുത്ത സഹകാരിയുമായ ലാലുപ്രസാദ് യാദവിന്റെ പത്‌നി റാബ്രി ദേവി തുറന്നടിച്ചതു വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.
പാര്‍ട്ടി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു മുലായംസിങ് യാദവ് നടത്തിയ സമ്മേളനത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും ക്ഷണിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറിലേതുപോലൊരു മഹാസഖ്യമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. എന്നാല്‍, പരിപാടിയില്‍നിന്നു വിട്ടുനിന്ന നിതീഷ് അതു തുടക്കത്തിലേ പൊളിച്ചടുക്കി.
അതോടെ ബി.ജെ.പി എതിരാളികളില്ലാതെ ഉത്തര്‍പ്രദേശില്‍ വിജയക്കൊടി പാറിച്ചേക്കുമെന്ന അവസ്ഥയായിരുന്നു. എന്നാല്‍, മോദിയെ ആക്രമിക്കാന്‍ ത്രാണിയില്ലാതെ ഉഴറിയ പ്രതിപക്ഷത്തിന്, നോട്ട് അസാധുവാക്കിയ നടപടിയോടെ കാര്യങ്ങള്‍ എളുപ്പമായി. ഇക്കാര്യത്തില്‍പോലും കോണ്‍ഗ്രസിനു പ്രതീക്ഷിച്ചത്ര പ്രതിഷേധമുയര്‍ത്താന്‍ കഴിഞ്ഞില്ല. അതിനു പരിഹാരമെന്നോണമാണു ബംഗാളില്‍ മമത ഉയര്‍ത്തിയ ചെറുത്തുനില്‍പ്പ്.
അണിയറവിട്ട് അരങ്ങിലേയ്ക്ക്
കിങ്‌മേക്കറാകാനായിരുന്നു മമതയ്ക്ക് എന്നും ആഗ്രഹം. ഇന്നു സ്ഥിതി മാറിയിരിക്കുന്നു. മൂന്നു ദശാബ്ദം ബംഗാള്‍ അടക്കിവാണ സി.പി.എമ്മിനെ ഭരണത്തില്‍നിന്നു തൂത്തെറിയാന്‍ പയറ്റിയ ജനവികാരമെന്ന കാര്‍ഡ് ദേശീയരാഷ്ട്രീയത്തില്‍ പയറ്റാനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍. മോദിയുടെ നടപടികളിലുള്ള പ്രതിഷേധം പ്രതിപക്ഷപാര്‍ട്ടികള്‍ക്കു വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നതോടെയാണു പുലിയുടെ ശൗര്യവുമായി മമത പിടഞ്ഞെണീറ്റിരിക്കുന്നത്.
ബംഗാളില്‍ സൈന്യം നടത്തിയ പതിവു നടപടികളെ അവര്‍ നഖശിഖാന്തം എതിര്‍ത്തതിനും കാരണം മറ്റൊന്നല്ല. മോദിയെ രാഷ്ട്രീയത്തില്‍നിന്നു കെട്ടുകെട്ടിക്കുന്നതുവരെ തനിക്കു വിശ്രമമില്ലെന്നു പ്രഖ്യാപിച്ചതു പ്രതിപക്ഷത്തിന്റെ പിന്തുണയഭ്യര്‍ഥിക്കല്‍തന്നെയാണ്. തന്റെ നേതൃത്വത്തില്‍ ദേശീയരാഷ്ട്രീയത്തില്‍ മഹാസഖ്യരൂപീകരണത്തിനു ശ്രമിച്ചാല്‍ പിന്തുണ ലഭിച്ചേക്കില്ലെന്ന് അവര്‍ക്കു നന്നായറിയാം.
രാഹുലും കെജ്‌രിവാളും, മുലായവും നിതീഷും പ്രധാനമന്ത്രിപദം സ്വപ്നം കണ്ടിരുന്നവരും കാണുന്നവരുമാണ്. ആ ശ്രമങ്ങളെ വെട്ടിമാറ്റി മുന്നേറാന്‍ ഒറ്റയ്ക്കു പ്രതികരിച്ചു താന്‍ ശക്തയാണെന്നു മമതയ്ക്ക് മാലോകരെ ബോധ്യമാക്കേണ്ടതുണ്ടായിരുന്നു. ആ ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ ബംഗാളില്‍നിന്നു പ്രതിഷേധം തുടങ്ങിയത്.
സൈന്യം ബംഗാളില്‍
വര്‍ഷങ്ങളായി സൈന്യം ബംഗാളിലും മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സൈനികാഭ്യാസവും നടപടികളും നടത്തുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 19, 20, 21 തിയതികളിലായിരുന്നു. ഈ വര്‍ഷം നവംബര്‍ 28, 29, 30 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ദേശീയപണിമുടക്കും ഹര്‍ത്താലും കാരണം ബംഗാള്‍ പൊലിസ്, ഗവര്‍ണര്‍ എന്നിവരുടെ അഭ്യര്‍ഥനപ്രകാരം അതു ഡിസംബര്‍ 1, 2, 3 തിയതികളിലേയ്ക്കു മാറ്റി.
എന്നാല്‍, സൈന്യം ബംഗാളില്‍ ഭരണ അട്ടിമറിക്കു ശ്രമിക്കുകയാണെന്നു മമത ആരോപിച്ചതു വന്‍വിവാദത്തിനു വഴിതെളിച്ചെങ്കിലും അതു ദേശീയശ്രദ്ധയാകര്‍ഷിച്ചു. അടിസ്ഥാനവര്‍ഗത്തിനുമേല്‍ മമത പുലര്‍ത്തുന്ന ആധിപത്യം ബംഗാളിലെങ്ങും നിഴലിക്കുന്നുണ്ട്. മമതയുടെ ഈ പ്രഖ്യാപനം അവരെയും ഈ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു.
ഉരുക്കുവനിതയായി മമത
അനുകൂലിക്കുകയോ എതിര്‍ക്കുകയോ ആവാം. അതല്ലാതെയൊരു നയം മമതയ്ക്കില്ല. സമസ്തമേഖലയിലും മോദിയെ എതിര്‍ക്കുന്ന നയമാണു മമതയുടേത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ലാതെപോയ ത്രാണി. മോദിയെ എതിര്‍ക്കുന്നതില്‍ മമതയും സംഘവും മറ്റു സംഘടനകളുടെ പിന്തുണ തേടാറില്ല. പകരം തങ്ങളുടെ നിലപാടിലേയ്ക്കു മറ്റു പ്രതിപക്ഷങ്ങളെ എത്തിക്കുന്നു.
അതിലൂടെ ദേശീയ നേതൃത്വം കൈപ്പിടിയിലൊതുക്കാനാണു മമതയുടെ ശ്രമം. മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യയാണെന്നു ബാബാ രാംദേവ് തുറന്നടിച്ചതും ശ്രദ്ധിക്കുക. മോദിയുടെ നോട്ടു നിരോധനത്തെ അനുകൂലിക്കുന്ന രാംദേവ് അതു നടപ്പാക്കിയ രീതിയെ അനുകൂലിക്കുന്നില്ല.
ഗുജറാത്തിലെ മോദിയാണു ബംഗാളിലെ മമത. ശാരദ ചിട്ടി അഴിമതിയും നാരദ ഒളികാമറയും മമതയെ വിഷമിപ്പിച്ചില്ല. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെ നിഷ്പ്രഭരാക്കി അവര്‍ ബംഗാള്‍ വീണ്ടും പിടിച്ചടക്കി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ ബി.ജെ.പിയെ മമത ശ്രദ്ധിച്ചു. പട്ടേല്‍ പ്രക്ഷോഭവും മറ്റുമുണ്ടായിട്ടും ഗുജറാത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ മോദി കരുത്തുകാട്ടി. ആ കരുത്താണു ദേശീയരാഷ്ട്രീയത്തിലേയ്ക്കു മോദിയെ വളര്‍ത്തിയത്. എങ്കില്‍, ഇനി മമതയുടെ ഊഴമായേക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വര്‍ഗശത്രുവായിരുന്ന സി.പി.എമ്മിനെ തന്റെ യുദ്ധത്തിലൊപ്പം കൂട്ടാനും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനും അവര്‍ക്കായി. കെജ്‌രിവാളുമായി നേരത്തെയുണ്ടായിരുന്ന ചങ്ങാത്തവും ശരദ്പവാറിന്റെ അനുഗ്രഹവുമുള്ള മമത ശിവസേനയുമായും ഹര്‍ദിക് പട്ടേലിന്റെ പുതിയ പാര്‍ട്ടിയുമായും ചങ്ങാത്തം പുലര്‍ത്തുന്നു. പ്രതിപക്ഷത്തെ വിഘടിപ്പിച്ചുനിര്‍ത്താനുള്ള മോദിയുടെ കൗശലം മമത അളന്നുകഴിഞ്ഞു. തന്നെ പ്രലോഭിപ്പിക്കാനുള്ള മോദിയുടെ ക്ഷണം നിരസിച്ച മമത, പ്രതിപക്ഷം കൂട്ടായി മൂന്നേറണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍, മമതയുടെ നേതൃത്വം ആഗ്രഹിക്കാത്ത കോണ്‍ഗ്രസും മറ്റും മോദിയുടെ നടപടിക്കെതിരേ രാഷ്ട്രപതിയെ കാണാനുള്ള തൃണമൂല്‍ ശ്രമത്തെ പിന്തുണച്ചില്ല. ഇതു മനസിലാക്കിയാണു പ്രതിപക്ഷത്തെ കാണാന്‍ തയാറാകണമെന്നു രാഷ്ട്രപതിയോടു തൃണമൂല്‍ അഭ്യര്‍ഥിച്ചത്. തുടര്‍ന്നു പാര്‍ലമെന്റിനു മുന്നില്‍ മഹാത്മാഗാന്ധി പ്രതിമയ്ക്കുമുന്നില്‍ പ്രതിപക്ഷ കക്ഷികള്‍ക്കു നേതൃത്വം കൊടുത്തു തൃണമൂല്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങി ഹിന്ദി കേന്ദ്രീകൃതമേഖലകളില്‍ റാലികള്‍ നടത്തി സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണു മമതയെന്നുകാണാം. സിംഗൂരില്‍ സി.പി.എമ്മിന്റേതെന്നപോലെ നോട്ട് അസാധുവാക്കല്‍ മോദിയുടെ ജനദ്രോഹനടപടിയാണെന്നു മമതയ്ക്കു സ്ഥാപിക്കാനായാല്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ അതു ചലനങ്ങളുണ്ടാക്കും. അതിനു സാധിച്ചില്ലെങ്കിലും മമത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തിസ്രോതസായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."