രാഷ്ട്രപതിക്കെതിരേ വിമര്‍ശവുമായി മന്ത്രി എം.എം. മണി
തൊടുപുഴ: രാഷ്ട്രപതിക്കെതിരേ വിമര്‍ശവുമായി മന്ത്രി എം.എം. മണി. നരേന്ദ്രമോദിയുടെ തട്ടിപ്പു ഭരണത്തിനു പിന്തുണ നല്കുകയാണു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെന്ന് എം.എം. മണി ചെറുതോണിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ പറഞ്ഞു.
എം.പിമാരോടു ജോലി ചെയ്യാന്‍ നിര്‍ദേശിച്ച രാഷ്ട്രപതി, മോദി ചെയ്യുന്നതു ശരിയല്ലെന്നു പറയാത്തതു ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതി ആദരണീയനാണെങ്കിലും നോട്ട് വിഷയത്തിലെടുത്ത നടപടികളോടു യോജിക്കാനാകില്ല. ഇതിനെ ശക്തമായി എതിര്‍ക്കും. ഇതു മന്ത്രിയായല്ല, ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിലാണു പറയുന്നത്.
കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ 2000 രൂപാ നോട്ട് സായിപ്പന്മാര് ടോയ്ലറ്റില് ഉപയോഗിക്കുന്ന കടലാസ് പോലെയുള്ളതാണ്. നോട്ട് പിന്‍വലിച്ചതിനെ ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയവരും കാശുള്ള നടന്മാരും മാത്രമാണു പിന്തുണയ്ക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് അതിനാകില്ല. ദരിദ്ര നാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി സമ്പന്നന്മാര്ക്കു കൊടുക്കുന്ന നയമാണ് ഇത്. നോട്ട് നിരോധനം സാധാരണക്കാരായ ജനങ്ങളെ ഏറെ വലച്ചുവെന്ന് എം.എം.മണി പറഞ്ഞു. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി വര്‍ഗീസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."