വിജയ പ്രതീക്ഷയില്‍ ഇന്ത്യ
മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ. നാലാം ദിനത്തിന്റെ ആദ്യ പകുതിയില്‍ ബാറ്റു കൊണ്ട് ഇംഗ്ലീഷ് നിരയെ വിറപ്പിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ബൗളിങ് മികവില്‍ അവരെ പിടിച്ചു കെട്ടുന്ന കാഴ്ചയായിരുന്നു വാംഖഡെയില്‍. ഇംഗ്ലണ്ടിന്റെ 400നു മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 631 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി 231 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയില്‍ പരുങ്ങുന്നു. ഒരു ദിവസവും നാലു വിക്കറ്റുകളും കൈയിലിരിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു 49 റണ്‍സ് കൂടി വേണം. ഇന്നു ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള വിക്കറ്റുകള്‍ വീഴ്ത്തി ഇന്നിങ്‌സ് ജയം സ്വന്തമാക്കാനും ഇന്ത്യക്ക് അവസരമുണ്ട്. ഒപ്പം പരമ്പരയും സ്വന്തമാക്കാം.
പിച്ചിന്റെ മാറ്റം ശരിക്കും മുതലെടുത്ത ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് മറുപടികളുണ്ടായില്ല. നാലാം ദിനം ലഭിച്ച ആറില്‍ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി. കളി നിര്‍ത്തുമ്പോള്‍ 50 റണ്‍സുമായി ബെയര്‍ സ്റ്റോ പുറത്താകാതെ നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിനു ആശ്വസിക്കാനുള്ളത്. ഒരു ഘട്ടത്തില്‍ 49 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ വീണു തപ്പിത്തടഞ്ഞ സന്ദര്‍ശകരെ ജോ റൂട്ടും ബെയര്‍ സ്റ്റോയും ചേര്‍ന്ന സഖ്യമാണ് കരകയറ്റിയത്. മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് 77 റണ്‍സെടുത്തു പുറത്തായി. നാലാം വിക്കറ്റില്‍ റൂട്ട്- ബെയര്‍സ്റ്റോ സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പിടിച്ചു നിന്നതു മാത്രമാണ് നാലാം ദിനത്തില്‍ അവര്‍ക്ക് ഓര്‍ക്കാനുള്ളതും. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ കെന്റ് ജെന്നിങ്‌സും മോയിന്‍ അലിയും സംപൂജ്യരായി മടങ്ങിയപ്പോള്‍ കുക്കും ബെന്‍ സ്റ്റോക്‌സും 18 വീതം റണ്‍സെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ജാക് ബാള്‍ രണ്ടു റണ്‍സിനു കൂടാരം കയറി. ഇന്ത്യക്കായി അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ജയന്ത് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അതിനിടെ ജഡേജ ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ചു. ഈ നേട്ടത്തിലെത്തുന്ന 20ാം ഇന്ത്യന്‍ ബൗളറാണ് ജഡേജ. അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനു പുറത്താകുന്ന ലോക ക്രിക്കറ്റിലെ നാലാമത്തെ ബാറ്റ്‌സ്മാനായി ഇംഗ്ലീഷ് താരം ജന്നിങ്‌സ് മാറി.
നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെന്ന നിലയില്‍ 51 റണ്‍സിന്റെ ലീഡുമായി നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി തലേദിവസം നിര്‍ത്തിയ സ്ഥലത്തു നിന്നു വിരാട് കോഹ്‌ലി- ജയന്ത് യാദവ് സഖ്യം പോരാട്ടം വീണ്ടും ഇംഗ്ലീഷ് ക്യാംപിലേക്ക് നയിച്ചു. മൂന്നാം ദിനം സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കോഹ്‌ലി തന്റെ ബാറ്റിങ് മികവ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒപ്പം കരിയറിലെ കന്നി സെഞ്ച്വറിയുമായി ജയന്ത് യാദവും കളം നിറഞ്ഞതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഹതാശരായി.
കോഹ്‌ലി 235 റണ്‍സെടുത്തു പുറത്തായപ്പോള്‍ ജയന്ത് യാദവ് 104 റണ്‍സെടുത്താണ് മടങ്ങിയത്. ഈ കലണ്ടര്‍ വര്‍ഷം കോഹ്‌ലി സ്വന്തമാക്കുന്ന മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നായകന്‍ സ്വന്തം പേരിലാക്കി. എട്ടാം വിക്കറ്റില്‍ കോഹ്‌ലി- ജയന്ത് സഖ്യം 241 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും ഇരുവരും ചേര്‍ന്നു തിരുത്തി. 1996ല്‍ മുഹമ്മദ് അസ്ഹറുദ്ദീനും അനില്‍ കുംബ്ലെയും ചേര്‍ന്നു നേടിയ 161 റണ്‍സിന്റെ കൂട്ടുകെട്ടാണ് പഴങ്കഥയായത്. ഒന്‍പതാമനായി ക്രീസിലെത്തി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമയും ഇനി ജയന്ത് യാദവിനു സ്വന്തം.
340 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 235 റണ്‍സ് കണ്ടെത്തിയത്. ഇതില്‍ 25 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടും. 204 പന്തുകളില്‍ നിന്നാണ് രണ്ടാം ടെസ്റ്റ് കളിക്കുന്ന ജയന്തിന്റെ കന്നി സെഞ്ച്വറി പിറന്നത്. 15 ഫോറുകളുടെ അകമ്പടിയോടെയാണ് താരം ശതകം പിന്നിട്ടത്. ഒന്‍പതു റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ മടങ്ങിയപ്പോള്‍ ഏഴു റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. മോയിന്‍ അലി, റൂട്ട് എന്നിവര്‍ രണ്ടു വീതവും ക്രിസ് വോക്‌സ്, ബാള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."