സംസ്ഥാനത്ത് 19 മുതല്‍ അനിശ്ചിതകാല ക്വാറി പണിമുടക്ക്
കോഴിക്കോട്: പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികള്‍ 19 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന ചെറുകിട ക്വാറി ഉടമകളുടെ യോഗമാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
വന്‍കിട ക്വാറി ഉടമകള്‍ക്കുവേണ്ടിയാണ് പുതിയ നിയമ നിര്‍മാണമെന്നും വന്‍കിട ക്വാറികളുടെ പ്രവര്‍ത്തനവും തടസപ്പെടുത്തിയാവും പണിമുടക്കെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍.കെ അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി എം.കെ ബാബുവും ട്രഷറര്‍ എ.കെ ഡേവിസണും വ്യക്തമാക്കി.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 95 ശതമാനം കരിങ്കല്‍ ക്വാറികളും അടച്ചുപൂട്ടുന്നതോടെ നിര്‍മാണ മേഖല സ്തംഭിക്കുമെന്നും ഇതു കരിങ്കല്‍ ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും അവര്‍ അറിയിച്ചു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ടാണ് ക്വാറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്തെ 2,600 ഓളം വരുന്ന ക്വാറികളില്‍ നൂറോളം എണ്ണത്തിന് മാത്രമേ പാരിസ്ഥിതിക അനുമതിയുള്ളൂ. വിരലിലെണ്ണാവുന്ന വന്‍കിട ക്വാറി ഉടമകള്‍ക്കുവേണ്ടി ദുര്‍ബലമായ നിയമങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയതാണ് തിരിച്ചടിയായതെന്നാണ് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ഭാരവാഹികളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."