ചലച്ചിത്രമേള നൗഷാദിനെ അനുസ്മരിപ്പിച്ച് 'മാന്‍ഹോള്‍'
തിരുവനന്തപുരം: കോഴിക്കോടിന്റെ പ്രിയപുത്രന്‍ നൗഷാദിനെ അനുസ്മരിപ്പിച്ച് ചലച്ചിത്രമേളയിലും 'മാന്‍ഹോള്‍'. കോഴിക്കോട് മാന്‍ഹോളില്‍ അപകടത്തില്‍പെട്ട ഇതരദേശക്കാരെ രക്ഷിക്കുന്നതിന് സ്വജീവന്‍ ബലിയര്‍പ്പിച്ച നൗഷാദിന്റെ ഓര്‍മപ്പെടുത്തലാവുകയാണ് ചിത്രം.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്ന തൊഴിലാളികളെ ഭരണകൂടം എങ്ങനെയാണ് ഒഴിവാക്കുന്നതെന്ന് ചിത്രം സംവദിക്കുന്നു. ജോലിസമയത്ത് മരണപ്പെട്ട തൊഴിലാളികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിലൂടെയാണ് മാന്‍ഹോള്‍ വികസിക്കുന്നത്. ഈ തൊഴില്‍ നിയമപരമല്ലെന്ന കാരണത്താല്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറല്ല.
യാതൊരു സുരക്ഷയുമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും പുറത്താണ്. നിലവില്‍ രാജ്യത്ത് പതിനായിരക്കണക്കിനുപേര്‍ ഈ ജോലിയില്‍ ഏര്‍പ്പെടുന്നുമുണ്ട്.
വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ മാന്‍ഹോള്‍ അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴുമിത് നടപ്പിലാകുന്നില്ലെന്നതാണ് വസ്തുത. ഈ യാഥാര്‍ഥ്യമാണ് മാന്‍ഹോളിലൂടെ പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തക വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രം ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്.
മീഡിയാ പാസില്ല; കൈമലര്‍ത്തി അധികൃതര്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി മൂന്നാംദിനവും മീഡിയാ പാസിനായി നെട്ടോട്ടം. വളരെ നേരത്തെ അപേക്ഷിച്ചവര്‍ക്കു പോലും ഇതുവരെ പാസ് ലഭിച്ചില്ല. ഫെസ്റ്റിവല്‍ ബുക്ക്, പാസ്, ടാഗ്, ഫെസ്റ്റ് ഷെഡ്യൂള്‍ എന്നിവയുള്‍പ്പെട്ട ഡെലിഗേറ്റ് കിറ്റ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ അപൂര്‍വം പേരാണ്. ചിലര്‍ക്ക് പാസ് മാത്രം ലഭിച്ചു. മറ്റു ചിലര്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക് മാത്രവുമാണ് ലഭിച്ചത്.
പ്രിന്റിങ്ങിനുള്ള താമസമാണ് പാസ് വിതരണം വൈകാനുള്ള കാരണമെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."