കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാലികളുടെ തുടര്‍ച്ചയായ ദയാവധം; ജനങ്ങള്‍ ആശങ്കയില്‍
മണ്ണാര്‍ക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ലാതെ മാള്‍ട്ടാപ്പനി ബാധിച്ച കാലികളെ തുടര്‍ച്ചയായി ദയാവധത്തിന് വിധേയമാക്കുന്ന ഗവേഷണകേന്ദ്രം അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഗവേഷണകേന്ദ്രം ഗേറ്റില്‍ പൊലിസ് തടഞ്ഞു. ഗവേഷണ കേന്ദ്രം കവാടത്തില്‍ പാലൊഴുക്കിയായിരുന്നു പ്രതിഷേധ സമരം നടത്തിയത്.
തിരുവിഴാംകുന്ന് ഫാമിനെ തകര്‍ക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഗവേഷണകേന്ദ്രത്തിലെ പാലുപയോഗിക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റാനും ഗവേഷണകേന്ദ്രം സംരക്ഷിക്കാനും കാലികളുടെ ദയാവധം അന്വേഷിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജില്ല മുന്‍ ജനറല്‍സെക്രട്ടറി പൂതാനി നസീര്‍ ബാബു ഗവേഷണകേന്ദ്രം കവാടത്തില്‍ പാലൊഴുക്കി സമരം ഉദ്ഘാടനം ചെയ്തു.
കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് അമീന്‍ നെല്ലിക്കുന്നന്‍ അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണീന്‍ കുട്ടി വാവയില്‍, അലനല്ലൂര്‍ പഞ്ചായത്തംഗം അയ്യപ്പന്‍ കുറൂപ്പാടത്ത്, ശിഹാബ് കുന്നത്ത്, പി. കൃഷ്ണ പ്രകാശ് നേതൃത്വം നല്‍കി.
പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്കവേണ്ടെന്ന് വെറ്ററിനറി സര്‍വകലാശാല
അലനല്ലൂര്‍: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിലവില്‍ മാള്‍ട്ടപ്പനി ബാധിച്ച ഒരു ഉരുക്കളും ഇല്ലെന്നും, ഇവിടെനിന്ന് പുറത്തേക്ക് നല്‍കുന്ന പാല്‍ പൂര്‍ണമായും ബ്രൂസെല്ലോ വിമുക്തമാണെന്ന് അനുദിന പരിശോധനയിലൂടെ ഉറപ്പാക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത രോഗം ഫാമില്‍ നിന്നും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി നടത്തിവരുന്ന തുടര്‍ പരിശോധനയിലാണ് കഴിഞ്ഞ ആഴ്ചയില്‍ ഏഴ് പശുക്കള്‍, മൂന്ന് എരുമകള്‍, ഒരു പശുക്കുട്ടി, ഒരു കുതിര എന്നിവക്ക് രോഗം സ്ഥിരീകരിച്ചത്.
ഇവയെ മൃഗസംരക്ഷണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ദയാവധം നടത്തുകയും ചെയ്തു. ഇപ്രകാരം ഫാമിനെ പൂര്‍ണമായും രോഗവിമുക്തമാക്കുക എന്ന ഉദ്യേശത്തോടെയാണ് സര്‍വകലാശാല നടപടികള്‍ സ്വീകരിച്ചുവരുന്നത്. പാല്‍ സാധാരണ പോലെ തിളപ്പിച്ച് ഉപയോഗിക്കുന്നതിലും, പാസ്റ്റ്യൂറൈസ് ചെയ്ത് ഉപയോഗിക്കുന്നതിലും യാതൊരു ആശങ്കക്കും വകയില്ലെന്നും സാങ്കേതിക വിദഗ്ധരടങ്ങുന്ന സര്‍വകലാശാല ഉന്നതതല സമിതി അറിയിച്ചിട്ടുണ്ടെന്നും വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."