രാജ്യാന്തര ചലച്ചിത്രമേള: ഒറ്റപ്പെട്ടവരുടെ വേദനയായി 'മാന്‍ഹോള്‍'
തിരുവനന്തപുരം: അഴുക്കുപുരണ്ട ജീവിതങ്ങളെ അതേപടി അഭ്രപാളിയിലെത്തിച്ച വിധു വിന്‍സന്റ് ചിത്രം 'മാന്‍ഹോളി'ന് ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക സ്വീകരണം.
മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഇരുണ്ട നിറമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റൊരു വിഭാഗം കൂടി തിരശ്ശീലയിലെത്തി. അടിസ്ഥാന സുരക്ഷ പോലുമില്ലാത്ത ഡ്രൈനേജ് കുഴികളിലേക്കും മാന്‍ഹോളുകളിലേക്കും ഇറങ്ങി ശുചീകരണ ജോലി ചെയ്യുന്നവരും 'തോട്ടി' എന്ന ജാതിപ്പേരിന്റെ ചാപ്പ കുത്തപ്പെട്ട് അരികുവല്‍കരിക്കപ്പെട്ടവരുമായ ഒരുവിഭാഗം മനുഷ്യരാണ് 'മാന്‍ഹോള്‍' എന്ന ചിത്രത്തിന്റെ പ്രമേയം.
ശുചീകരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ജില്ലയിലെ ഒരു കോളനിയെ പശ്ചാത്തലമാക്കിവിന്‍സന്റ് നിര്‍മിച്ച 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ തുടര്‍ച്ചെയന്നോണമാണ് മാന്‍ഹോള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ഡെലിഗേറ്റുകളുടെ വന്‍ ഒഴുക്കാണ് ടാഗോറില്‍ കണ്ടത്. പ്രദര്‍ശനത്തിനൊടുവില്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ സമ്പാദിക്കാനും ചിത്രത്തിന് സാധിച്ചു.രാജ്യാന്തര മത്സവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ആദ്യമായി സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ച വനിതാ സംവിധായികയായ വിധു വിന്‍സന്റ് അങ്ങനെ ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി.
വാണിജ്യ സിനിമകള്‍
ഉള്ള കാലത്തോളം
സെന്‍സര്‍ഷിപ്പും ഉണ്ടാകുമെന്ന്
ശ്യാം ബെനഗല്‍
തിരുവനന്തപുരം: വാണിജ്യ സിനിമകള്‍ ഉള്ള കാലത്തോളം സെന്‍സര്‍ഷിപ്പുമുണ്ടാകുമെന്ന് ശ്യാം ബെനഗല്‍.
കൊളോണിയല്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ നീക്കമായാണ് സെന്‍സര്‍ഷിപ്പ് ആരംഭിച്ചത്. എന്നാല്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യം സെന്‍സര്‍ഷിപ്പ് തുടരുമെന്നാണ് സൂചന നല്‍കുന്നതെന്നും പി.കെ. നായരുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. സെന്‍സര്‍ഷിപ്പിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ള മിക്കവര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ട്. പക്ഷേ പല ചെറുത്തുനില്‍പ്പുകളും വ്യക്തിതലത്തില്‍ ഒതുങ്ങിപ്പോകുയാണെന്ന് സംവിധായകനായ അമോല്‍ പലേക്കര്‍ പറഞ്ഞു.
സെന്‍സര്‍ഷിപ്പിനെയല്ല സിനിമാട്ടോഗ്രഫി ആക്ടിനെതന്നെ നാം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ ആവശ്യപ്പെട്ടു. എട്ടു മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ തന്റെ 'കാ ബോഡിസ്‌കേപ്‌സി'ന് അനുകൂല വിധി നേടി ചലച്ചിത്രോത്സവത്തിനെത്തുന്ന ജയന്‍ ചെറിയാന്‍ തന്റെ പോരാട്ടത്തിന് ഐ.എഫ്.എഫ്.കെ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നിരൂപകന്‍ വി.സി. ഹാരിസ്, സംവിധായിക ദീപ ധന്‍രാജ് എന്നിവരും പങ്കെടുത്തു.
മുളയുടെ
മാന്ത്രികയീണത്തില്‍
മതിമറന്ന്
ടാഗോര്‍ തിയേറ്റര്‍
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ടാഗോര്‍ തിയേറ്ററിലുയര്‍ന്ന മുളയുടെ മാന്ത്രികസംഗീതം അവിസ്മരണീയമായ അനുഭവമായി. മുളകൊണ്ട് തീര്‍ത്ത വിവിധ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ 'വയലി' സംഘം അവതരിപ്പിച്ച സംഗീതോത്സവമാണ് മേളയ്ക്ക് എത്തിയവരെ ആവേശഭരിതരാക്കിയത്. വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായാണ് വയലി സംഘത്തിന്റെ പ്രകടനം.
മുളച്ചെണ്ട, മുളത്തുടി, ഓണവില്ല് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. സംഗീതോപകരണങ്ങളില്‍ പലതും സംഘാംഗങ്ങള്‍ സ്വയം ഉണ്ടാക്കിയതാണ്. സംഘത്തിലെ ഏറെപ്പേര്‍ക്കും ശാസ്ത്രീയമായി സംഗീതപഠനം ലഭിച്ചിട്ടില്ല. സംഗീതത്തോടുള്ള താത്പര്യം മാത്രം കൈമുതലാക്കിയാണ് എട്ടംഗ സംഘം കാണികളെ കൈയ്യിലെടുത്തത്. സംഘത്തിന്റെ ഡയറക്ടര്‍ വിനോദും സംഘാംഗം സുജിലും ചേര്‍ന്നാണ് പരിപാടി നയിച്ചത്. വയലിയുടെ പരിപാടിക്കുശേഷം കുട്ടപ്പനാശാനും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങിലെത്തി.
'സുവര്‍ണ ചകോര'ത്തിന്റെ കഥ പ്രകാശിപ്പിച്ചു
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം ആസ്പദമാക്കി കവി ശാന്തന്‍ രചിച്ച 'സുവര്‍ണ ചകോരത്തിന്റെ കഥ' എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാന്‍ കമലിനു നല്‍കി പ്രകാശനം ചെയ്തു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഐ.എഫ്.എഫ്.കെ.യുടെ ഉദ്ഘാടന ചിത്രങ്ങള്‍, പ്രഭാഷണങ്ങള്‍, സുവര്‍ണചകോരം നേടിയ സിനിമകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ. ജോസഫ്, സി. അശോകന്‍, ഷിബു ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."