സഊദിയില്‍ നോട്ട് പരിഷ്‌കരണ പ്രഖ്യാപനം നാളെ
റിയാദ്: രാജ്യത്തെ നിലവിലെ നോട്ടുകള്‍ പിന്‍വലിച്ചു പുതിയ നോട്ടുകള്‍ വിപണിയിലിറക്കാന്‍ സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) തയാറെടുക്കുന്നു. ഇതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച നടത്തുമെന്ന് സാമ വ്യക്തമാക്കി. നിലവിലെ ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രങ്ങളോടുകൂടിയുള്ള പുതിയ നാണയങ്ങളും നോട്ടുകളുമാണു പുറത്തിറക്കുന്നത്. വ്യാജ നോട്ടുകളും നാണയങ്ങളും ഇറക്കുന്നതു തടയുന്ന നൂതന സംവിധാനങ്ങളോടെയാണു പുതിയ നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നതെന്ന് 'സാമ'യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സഊദി അറേബ്യയുടെ ആറാമത്തെ നാണയ നോട്ട് പരിഷ്‌കാരമാണു നാളെ പ്രഖ്യാപിക്കുന്നത്. കൂടുതല്‍ സുരക്ഷാ അടയാളങ്ങളോടെ മികച്ച സാങ്കേതിക തികവോടെയാണു നോട്ടുകള്‍ പുറത്തിറക്കുന്നത്. നിലവിലെ നോട്ടുകള്‍ വ്യാജനെ തടയാന്‍ പ്രാപ്തിയുള്ളതാണെങ്കിലും കൂടുതല്‍ മികച്ച സവിശേഷതകളോടെയായിരിക്കും പുതിയത് ഇറക്കുക. അതേസമയം, ആയിരത്തിന്റെ നോട്ടുകള്‍ ഇറക്കാന്‍ ഉദ്ദേശമില്ലെന്നും 'സാമ' വ്യക്തമാക്കി. 500 റിയാല്‍ നോട്ടാണ് ഇപ്പോള്‍ സഊദിയിലെ ഏറ്റവും വലിയ കറന്‍സി.
നിലവിലെ സംവിധാനത്തില്‍ തന്നെ വ്യാജനെ തടയാനാകുന്ന സംവിധാനങ്ങളുണ്ട്. പുതിയ നോട്ടുകള്‍ തികച്ചും വ്യാജമായി നിര്‍മിക്കാന്‍ കഴിയാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു വര്‍ഷം സമയവും അനുവദിക്കുന്നുണ്ട്. ഇതോടെ മുഴുവന്‍ കള്ളപ്പണവും പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണു ഭരണകൂടം. ബാങ്കുകള്‍ വഴിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും നോട്ടുകള്‍ മാറ്റിയെടുക്കാനാകും. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നോട്ടുകളില്‍ കൊണ്ടുവരുന്നതു കള്ളനോട്ടുകള്‍ പൂര്‍ണമായും തടയാനാകുമെന്നു രാജ്യത്തെ പ്രമുഖ സാമ്പത്തിക ഉപദേശകന്‍ സുലൈമാന്‍ അല്‍ അസ്സഫ് പറഞ്ഞു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ റദ്ദാക്കിയ ഇന്ത്യയെ പോലെ എടുത്തുചാട്ടം സഊദി നടത്തുകയില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള ഇന്ത്യയിലെ നോട്ട് പരിഷ്‌കരണം സാമ്പത്തിക വ്യാപാര മേഖലയില്‍ കനത്ത ആഘാതമാണു സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."