വരുന്നു... ബേപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി താമസകേന്ദ്രം
ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേന്ദ്രമൊരുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രമായിരിക്കുമിത്.
തൊഴില്‍വകുപ്പിനു കീഴില്‍ പാലക്കാട്ടെ കഞ്ചിക്കോട്ട് നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു സമാനമായ രീതിയില്‍ ബേപ്പൂരിലും നിര്‍മിക്കാനാണുദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. റൈസിങ് കേരള എക്‌സിബിഷന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കിന്‍ഫ്രയുടെ അധീനതയിലുള്ള സ്ഥലത്തായിരിക്കും കെട്ടിട സമുച്ചയം നിര്‍മിക്കുക. ഇക്കാര്യം എം.എല്‍.എയുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, നല്ലളം കേന്ദ്രീകരിച്ചു നൂറുകണക്കിനു ചെറുകിട വ്യവസായ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. ഇവരില്‍ പകുതിയിലേറെയും ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്.
മേഖലയില്‍ പാര്‍പ്പിട കേന്ദ്രങ്ങളിലുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുകൂടി ബാധകമാക്കും.
ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്കായി 50,000 രൂപയുടെ പ്രത്യേക ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. നിലവില്‍ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്കെങ്കിലും ഇതില്‍ കൃത്യതയില്ല. തദ്ദേശ സ്ഥാപനങ്ങള്‍ വഴി കൃത്യമായ വിവര ശേഖരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."