ഹൃദ്രോഗികള്‍ എന്തു കഴിക്കണം
പിരിമുറുക്കമില്ലാത്ത ജീവിതവും ചിട്ടയായ ഭക്ഷണവും വ്യായാമവുമുണ്ടെങ്കില്‍ ഒരുപരിധിവരെ ഹൃദ്രോഗത്തെ തടയാം. കൂടാതെ ഇതിലൂടെ ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും സാധിക്കും. ജീവിതശൈലീ രോഗങ്ങള്‍ ഹൃദ്രോഗത്തിനും കാരണമാണ്.
പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും.
ദിവസം 45 മിനിറ്റ് നേരമെങ്കിലും നടക്കുന്നത് ശീലമാക്കണം. മറ്റ് അസുഖമില്ലാത്തവര്‍ക്ക് നീന്തല്‍ ശീലിക്കാം. യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്. ആഴ്ചയില്‍ നാല് മണിക്കൂറെങ്കിലും നടക്കാന്‍ സാധിച്ചാല്‍ അസുഖം കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പംതന്നെ അസുഖത്തിന്റെ കാഠിന്യ വും കുറയ്ക്കാന്‍ കഴിയും.
പുകവലി, മദ്യപാനം പാടില്ല
പുകവലി ശീലമുള്ളവര്‍ കുറയ്ക്കുന്നതിന് പകരം പൂര്‍ണമായും ഉപേക്ഷിക്കണം.
അമിത മദ്യപാനം, അമിത ആഹാരം എന്നിവയും ഒഴിവാക്കണം. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒരു ദിവസം അഞ്ച് ഗ്രാമില്‍ (ഒരു ടീസ്പൂണ്‍) കൂടുതല്‍ ഉപ്പ് കഴിക്കരുത്. മേല്‍പ്പറഞ്ഞ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ നേരത്തേതന്നെ അസുഖത്തിന്റെ തീവ്രത മനസിലാക്കാന്‍ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം.
രക്തസമ്മര്‍ദ്ദം 140-90ഉം മൊത്തം കൊളസ്‌ട്രോള്‍ 180ഉം എല്‍.ഡി.എല്‍ (ചീത്ത കൊളസ്‌ട്രോള്‍) 130ഉം (പ്രമേഹമുള്ളവരില്‍ 70ല്‍ താഴെ) യും ആയിരിക്കണം. എച്ച്.ഡി.എല്‍ (നല്ല കൊളസ്‌ട്രോള്‍) എത്ര കൂടുതലുണ്ടോ അത്രയും നല്ലതാണ്. ഇത് 50ന് മുകളില്‍ ആണെങ്കില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്.
ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, മത്സ്യം, കുറഞ്ഞ അളവില്‍ കോഴിയിറച്ചി, ഫാറ്റ് കുറഞ്ഞ പാല്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കണം.
പാമോയില്‍, വെളിച്ചെണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പകരമായി ഒലിവ് ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവ ഉപയോഗിക്കാം. എത് തരത്തിലുള്ള എണ്ണയാണെങ്കിലും ഒരു ദിവസം 10 മില്ലിലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."