സഹകരണബാങ്ക്-റേഷന്‍ പ്രതിസന്ധി; യു.ഡി.എഫ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനവും റേഷന്‍ വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടിയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും സാധാരണക്കാരന്റെ ജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ക്രയശേഷി കുറഞ്ഞതുകൊണ്ടും പണമില്ലാത്തതുകൊണ്ടും ഒരു മാസമായി സാമ്പത്തിക നടപടികള്‍ ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ചെറുകിട വ്യാപാരകേന്ദ്രങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, റബര്‍ വ്യവസായം, നാണ്യവിള, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകള്‍, മത്സ്യമേഖല, കാര്‍ഷിക രംഗം തുടങ്ങിയവയെല്ലാം മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള തകര്‍ച്ചയിലാണ്. ഭൂമി രജിസ്‌ട്രേഷന്‍, കെട്ടിട രജിസ്‌ട്രേഷന്‍ എന്നിവ നടക്കുന്നില്ല. ഇതുമൂലം ഖജനാവിന് വന്‍ നഷ്ടമുണ്ടാകുന്നു. കേരളത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിയും പരിതാപകരമാണെന്നും സംഘം അറിയിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച ആവശ്യങ്ങളടങ്ങിയ നിവേദനവും സംഘം രാഷ്ട്രപതിക്കു നല്‍കി. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് രാഷ്ട്രപതി യു.ഡി.എഫ് സംഘത്തെ അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങള്‍ കാരണം സഹകരണ മേഖല ഗുരുതര പ്രതിസന്ധിയിലാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്നതായിട്ടും സഹകരണമേഖല ബാങ്കുകള്‍ക്ക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരം നല്‍കിയിട്ടില്ല. സംസ്ഥാനത്ത് 1625 പ്രഥമിക സഹകരണ സംഘങ്ങളുണ്ട്. അവയ്ക്ക് 2700 ശാഖകള്‍ സംസ്ഥാന വ്യാപകമായുണ്ട്. 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാനത്ത് 784 ശാഖകളുണ്ട്. ഈ സഹകരണ സ്ഥാപനങ്ങളില്‍ ആകെയുള്ള നിക്ഷേപം 1,27,000 കോടി രൂപയാണ്. ഈ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനാകാതെ വന്നതോടെ ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ സുതാര്യവും ജനാധിപത്യപരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നിവോദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ പൊതുവിതരണ ശൃംഖലയും പ്രതിസന്ധിയിലാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ജനകീയ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് നേതാക്കളായ ഇ.അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്, സി.പി.ജോണ്‍, അനുപ് ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം.ഹസന്‍, വി.ഡി.സതീശന്‍, കെ.സി.ജോസഫ്, പി.വി അബ്ദുല്‍ വഹാബ്, ഇബ്രാഹിം കുഞ്ഞ് എന്നിരും ഉണ്ടായിരുന്നു.
ആശങ്കവേണ്ടെന്ന് ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് യു.ഡി.എഫ് പ്രതിനിധി സംഘത്തിന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ സന്ദര്‍ശനത്തിലാണ് കേന്ദ്രധനമന്ത്രിയുടെ ഉറപ്പ്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാബാങ്കുകളും നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രതിനിധി സംഘം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന് അദ്ദേഹം പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തില്‍ നബാര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചു.
തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ധനമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ സഹകരണ മേഖല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമാണെന്ന് ധനമന്ത്രി കൂടിക്കാഴ്ച്ചയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."