ആതിരയുടെ മരണം: വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി
കുറ്റ്യാടി: കെ.എം.സി ആശുപത്രി ജീവനക്കാരിയായ ആതിര എന്ന ദലിത് യുവതി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് കേസന്വേഷിക്കുന്ന ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ജെയ്‌സണ്‍. കെ. ഏബ്രഹാം പറഞ്ഞു. ഇന്നലെ ആശുപത്രിയിലെത്തിയ അദ്ദേഹം ജീവനക്കാരില്‍ നിന്നും അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ആതിരയുടെ കൂടെയുണ്ടായിരുന്ന വയനാട് സ്വദേശിനിയില്‍ നിന്ന് ഡിവൈ.എസ്.പിയുടെ സംഘം വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
അതേസമയം വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ കെ.സി റോസക്കുട്ടി ടീച്ചര്‍, നൂര്‍ബിനാ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കമ്മിഷന്‍ ഇന്നലെ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും ആശുപത്രിയില്‍നിന്ന് ഇവര്‍ അസമയത്ത് ഇറങ്ങിപ്പോയ സാഹചര്യവും എന്തിന് ഇറങ്ങിപ്പോയെന്നും പരിശോധിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. ശക്തമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. അസമയത്ത് പെണ്‍കുട്ടികളെ റോഡില്‍ കണ്ടാല്‍ അന്വേഷിക്കേണ്ട ചുമതല പൊലിസിനുണ്ടെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് പുലര്‍ച്ചെ രണ്ടിന് അസ്വാഭാവികമായ സാഹചര്യത്തില്‍ റോഡില്‍ കണ്ട പെണ്‍കുട്ടികളെ നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മായിലും സംഘവും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇവരെ ആശുപത്രി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. ആശുപത്രിയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ആതിരയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
ഇതിനിടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."