മന്ത്രിമാരുടെ വകുപ്പ് വിഭജനം ആദ്യ വെല്ലുവിളി; വെട്ടിമുറിച്ചവ ഒന്നാക്കും
ഇ.പി മുഹമ്മദ്
കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രഥമ വെല്ലുവിളിയായേക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെട്ടിമുറിച്ച വകുപ്പുകള്‍ പലതും ഒരുമിച്ചു ചേര്‍ക്കലാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ ദൗത്യം.
യു.ഡി.എഫ് ഭരണകാലത്ത് തദ്ദേശവകുപ്പ് മൂന്നു മന്ത്രിമാരാണ് കൈകാര്യം ചെയ്തിരുന്നത്. ഇത് ഒറ്റവകുപ്പായി ചുരുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തദ്ദേശ വകുപ്പ് മൂന്നായി വിഭജിച്ച യു.ഡി.എഫ് നടപടിക്കെതിരേ എല്‍.ഡി.എഫ് ശക്തമായി രംഗത്തുവന്നിരുന്നു.
ആരോഗ്യം, സാമൂഹ്യക്ഷേമം, വനിതാ വികസനം തുടങ്ങിയവയും വിവിധ മന്ത്രിമാരുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതും ഒരു മന്ത്രിയുടെ ചുമതലയിലാക്കും. ആരോഗ്യവകുപ്പ് മുന്‍കാലങ്ങളില്‍ ഘടകകക്ഷികള്‍ക്കായി നല്‍കിയിരുന്നുവെങ്കിലും 2006ല്‍ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഇത്തവണ ആരോഗ്യവകുപ്പ് ഘടകകക്ഷികള്‍ക്ക് നല്‍കുകയാണെങ്കില്‍ എന്‍.സി.പിയിലെ എ.കെ ശശീന്ദ്രനാകും ഈ വകുപ്പ് ലഭിക്കുക.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങളും സംസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനവും പുതിയ ആരോഗ്യമന്ത്രിക്ക് വെല്ലുവിളികളുയര്‍ത്തും. ഇത്തവണ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ടൂറിസവും കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ ടൂറിസം മറ്റേതെങ്കിലും പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ഏല്‍പ്പിക്കും.
വി.എസ് സര്‍ക്കാരില്‍ ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസും കൈവശം വച്ച പൊതുമരാമത്ത്, ജലവിഭവവകുപ്പുകള്‍ സി.പി.എം ഏറ്റെടുത്തേക്കും. ധനകാര്യ വകുപ്പ് ഇത്തവണും തോമസ് ഐസക്കിന് നല്‍കും. സഹകരണവകുപ്പില്‍ മുന്‍ മന്ത്രി ജി സുധാകരനായിരിക്കും പ്രഥമ പരിഗണന. ഗതാഗതവകുപ്പ് ജനതാദള്‍ എസിലെ മാത്യൂ ടി തോമസിനായിരിക്കും. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഈ വകുപ്പ് നല്ല നിലയില്‍ കൊണ്ടുപോയെന്നതിനാല്‍ അദ്ദേഹത്തിനു തന്നെ നല്‍കാനാണ് സി.പി.എമ്മിന് താല്‍പര്യം. അതേസമയം ജെ.ഡി.എസില്‍ നിന്ന് മറ്റാരെങ്കിലുമാണ് മന്ത്രിയാകുന്നതെങ്കില്‍ വകുപ്പില്‍ മാറ്റം വന്നേക്കാം. 1996ലേയും 2006ലേയും എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ പതനത്തിന് വിദ്യാഭ്യാസവകുപ്പിന്റെ നടപടികള്‍ കാരണമായിട്ടുണ്ട്. ഇരുസര്‍ക്കാരിലും ന്യൂനപക്ഷ പ്രതിനിധികള്‍ മന്ത്രിമാരായിട്ടും പ്ലസ്ടു, സ്വാശ്രയ നയം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരില്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഇതുകൂടി മുന്നില്‍കണ്ട് ഭൂരിപക്ഷ സമുദായംഗത്തിനായിരിക്കും ഇത്തവണ വിദ്യാഭ്യാസവകുപ്പ് നല്‍കുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പ്രൊഫ.സി രവീന്ദ്രനാഥിനായിരിക്കും വകുപ്പ് ലഭിക്കുക.
ഇടതുമുന്നണിയുടെ മദ്യനയം എന്താകുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട ആരെയെങ്കിലും ഈ വകുപ്പ് ഏല്‍പ്പിച്ചേക്കും. കൃഷി, വനം, സിവില്‍ സപ്ലൈസ്, റവന്യൂ വകുപ്പുകള്‍ സി.പി.ഐക്ക് തന്നെ നല്‍കും. വി.എസ് സുനില്‍കുമാറിന് റവന്യൂ വകുപ്പും മുല്ലക്കര രത്‌നാകരന് കൃഷിയും നല്‍കിയേക്കും. ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം വകുപ്പുകള്‍ ഡോ. കെ.ടി ജലീലിന് നല്‍കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."