മാലിന്യ പ്രശ്‌നം: ചോക്കാട്ട് റബര്‍ സംസ്‌കരണ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍
കാളികാവ്: ചോക്കാട് നാല്‍പത് സെന്റിലെ റബര്‍ സംസ്‌കരണ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. നാല്‍പത് സെന്റിലെ കോട്ടപ്പുഴയുടെ തീരത്തുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. തോട്ടങ്ങളില്‍ നിന്ന് വന്‍തോതില്‍ റബര്‍ പാല്‍ ശേഖരിച്ച് സംസ്‌കരിച്ച് കയറ്റി അയക്കുകയാണ് കേന്ദത്തിലൂടെ ചെയ്യുന്നത്. ഒരു രേഖയുമില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
റബര്‍പാല്‍ കട്ട പിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന അമോണിയ ഉള്‍പടെയുള്ള രാസ വസ്തുക്കളും കേന്ദ്രത്തില്‍ ധാരാളമുണ്ട്. അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ആസിഡിന്റെയും അമോണിയയുടെയും അംശം അന്തരീക്ഷത്തിലൂടെ പടര്‍ന്ന് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പാല്‍ നിറക്കുന്ന ടിന്നുകള്‍ കഴുകി വൃത്തിയാക്കുന്നതും ഇവിടെവച്ച് തന്നെയാണ്.
മാലിന്യ പ്രശ്‌നമുണ്ടാക്കുന്നതിനു പുറമെ കോട്ടപ്പുഴയില്‍ നിന്ന് അമിതമായി വെള്ളമൂറ്റുന്നതായും പരാതിയുണ്ട്. സംഭരണ കേന്ദ്രത്തിന്റെ ആളുകള്‍ പറയുന്നത് ദിവസവും 10000 ലിറ്റര്‍ വെള്ളമാണ് എടുക്കുന്നതെന്നാണ്. ഒരു ടിന്ന് കഴുകാന്‍ ചുരുങ്ങിയത് 20 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നൂറിലേറെ ടിന്നുകള്‍ വൃത്തിയാക്കുന്നതിന് വലിയ അളവില്‍ വെള്ളം പുഴയില്‍ നിന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വിവരിച്ചു.
രണ്ട് കുഴികളിലേക്കാണ് മലിനജലം ഒഴിവാക്കുന്നതെങ്കിലും രാത്രിയില്‍ കോട്ടപ്പുയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ കുളിക്കാനെത്തുന്നവര്‍ക്ക് മണം കിട്ടുന്നുണ്ടെന്നും ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. പുഴയുടെ മറുകരയിലുള്ള പൊട്ടിക്കല്ല് നിവാസികള്‍ റബര്‍പാല്‍ സംഭരണ കേന്ദ്രത്തിനെതിരേ അമരമ്പലം പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ചോക്കാട് പഞ്ചായത്തിന്റെ പരിധിയിലാണ് കേന്ദ്രം എന്നതിനാല്‍ നടപടിയെടുക്കാനാകാതെ പിന്‍മാറുകയായിരുന്നു. ആരോഗ്യ വകുപ്പില്‍ നിന്നും പഞ്ചായത്തില്‍നിന്നുമുള്‍പടെയുള്ള അനുമതിയുമില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചൊവ്വാഴ്ച നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് കാളികാവ് പൊലിസെത്തി. അഡീഷണല്‍ എസ്.ഐ ഇ.വി സുരേഷിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് നാട്ടുകാരുമായി ചര്‍ച്ച നടത്തി. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. അഭിലാഷ്, റസല്‍, നിഹാസുദ്ദീന്‍, മുഹമ്മദ് കുട്ടി, മജീദ്, അസ്‌കര്‍, ശിഹാബ് കല്ലന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."