ക്വാറിക്ക് അനുമതി: അപ്പീല്‍ പോവാത്തത് പണമില്ലാത്തതിനാലെന്ന് ഭരണസമിതി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ചെക്കുന്ന് മലയില്‍ പ്രസിദ്ധമായ വിനോദ കേന്ദ്രമായ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം പുതിയ ക്വാറി തുടങ്ങുന്നതിനുള്ള ഹൈകോടതി ഉത്തരവിനെതിരേ മേല്‍കോടതിയില്‍ അപ്പീല്‍ പോവാത്തത് പണമില്ലാത്തതിനാലാണെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി. ഇടതുപക്ഷ ഭരണസമിതിയും സി.പി.എം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നിലവില്‍ ഇരുപതോളം ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പുതിയ ഒരു ക്വാറി തുടങ്ങുന്നതിനുള്ള അപേക്ഷയില്‍ ഹൈകോടതിയില്‍ കാര്യമായ വാദങ്ങള്‍ ഉന്നയിക്കാന്‍ ഭരണസമിതി ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പുതുതായി അനുവദിച്ച ക്വാറിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയാല്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടങ്കിലും ആവശ്യമായ പണം കണ്ടത്താനുള്ള പ്രയാസമാണ് ഇതിന് തടസമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ക്വാറി തുടങ്ങുന്നതിന് അനുമതി നല്‍കില്ലെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
അപ്പീല്‍ പോകാതെ വിധിനടപ്പാക്കാതിരുന്നതുമൂലം പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ വരുന്ന കോടതീയലക്ഷ്യ കേസില്‍നിന്ന് രക്ഷപെടുന്നതിന് അനിവാര്യമായി വന്നതോടെയാണ് ക്വാറിക്ക് അനുമതി നല്‍കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനും വിലകല്‍പിക്കുന്നതിലും ജനങ്ങളുടെ താല്‍പര്യം നിയമപരമായി സംരക്ഷിക്കുന്നതിലും ഇടത് ഭരണസമിതി പരാജയപെട്ടന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, ശിജി, കെ.ടി അബ്ദുറഹ്മാന്‍, പി. ചന്ദ്രന്‍ മാസ്റ്റര്‍, കെ. ഗീത, വി.ടി സലീം, വി. സൗജത്ത്, എം. അഫ്‌സത്ത്, സി.പി.എം ലോക്കല്‍ സെക്രട്ടറി കൂര്യകോസ്, പി. അബൂബക്കര്‍, ടി.പി അന്‍വര്, വി.പി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."