പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി നബിദിനാഘോഷം
കണ്ണൂര്‍: സര്‍വലോകങ്ങള്‍ക്കും കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491ാം ജന്മദിനം വിശ്വാസികള്‍ വിപുലമായി ആഘോഷിച്ചു. പ്രവാചകന്റെ പ്രകീര്‍ത്തനങ്ങളാല്‍ പള്ളിമദ്‌റസാ അങ്കണങ്ങള്‍ മുഖരിതമായി.
മഹല്ലുകളില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു. മദ്‌റസകള്‍ കേന്ദ്രീകരിച്ച് മധുരപലഹാര വിതരണവും അന്നദാനവും നടന്നു. സുബ്ഹി മുതല്‍ കേരളത്തിലെ പള്ളികളില്‍ നിരവധി പരിപാടികളാണു നടന്നത്. സമസ്ത, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൗലീദ് പാരായണത്തിനു പിന്നാലെ വിദ്യാര്‍ഥികളെ അണിനിരത്തി വര്‍ണാഭമായ റാലികള്‍ നടന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും മദ്‌റസകള്‍ കേന്ദ്രീകരിച്ചു നടന്നു.
പള്ളി മദ്‌റസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് വര്‍ണാഭമാക്കി. വര്‍ണ ബലൂണുകളും പതാകകളും കെട്ടിയ വാഹനങ്ങളും നബിദിന ഘോഷയാത്രകള്‍ക്കു പൊലിമ പകര്‍ന്നു. വിവിധ ക്ലബുകള്‍, സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും പായസവിതരണവും ലഘുപാനീയ വിതരണവും നടത്തി.
മതസൗഹര്‍ദം വിളിച്ചോതി പലസ്ഥലങ്ങളും ക്ഷേത്രകമ്മിറ്റികളും അയ്യപ്പന്മാരും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. വിവിധ ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി മൗലീദ് പാരായണം ഉണ്ടായിരുന്നു. മൗലീദ് പാരായണം നടന്ന സ്ഥലങ്ങളിലെല്ലാം അന്നദാനവും നടത്തി. നബിദിനത്തോടനുബന്ധിച്ച് ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ മതപ്രഭാഷണങ്ങളും മതപഠനക്ലാസുകളും നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."