കുറ്റ്യാടിയിലെ തോല്‍വി: സി.പി.എം അന്വേഷണ കമ്മിഷനെ നിയമിച്ചേക്കും
പേരാമ്പ്രയില്‍ ടി.പിക്ക് വോട്ടു കുറഞ്ഞതും അന്വേഷിക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ കെ.കെ ലതികയുടെ പരാജയവും പേരാമ്പ്രയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണന് വോട്ടു കുറഞ്ഞതും അന്വേഷിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റി കമ്മിഷനെ നിയമിച്ചേക്കും. കുറ്റ്യാടിയിലെ പരാജയം പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്. സംസ്ഥാനമാകെ ഇടതുതരംഗം ആഞ്ഞുവീശിയപ്പോള്‍ കുറ്റ്യാടിയിലെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ജില്ലാ നേതൃത്വം ഇനിയും മുക്തമായിട്ടില്ല. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായതാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ ലതികയുടെ തോല്‍വിയിലേക്ക് നയിച്ചത്.
ചില നേതാക്കളുടെ പ്രവര്‍ത്തനം തോല്‍വിക്ക് കാരണമായെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ സെക്രട്ടറി പി. മോഹനും ലതികയ്ക്കുമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
വ്യാപകമായി വോട്ടുചോര്‍ന്നുവെന്നാണ് ബൂത്തുതല കണക്കുകള്‍ വ്യക്തമാക്കുന്നത്. സി.പി.എം ശക്തികേന്ദ്രമായ മണിയൂര്‍, പുറമേരി പഞ്ചായത്തുകളിലാണ് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായത്. കുറഞ്ഞത് 1200 വോട്ടിന്റെ ലീഡ് ലഭിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടിയിരുന്ന മണിയൂരില്‍ 589 വോട്ടിന്റെ ഭൂരിപക്ഷമാണ് ലതികക്ക് ലഭിച്ചത്.
ആയിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച പുറമേരിയില്‍ 371 വോട്ടിന്റെ ലീഡാണ് നേടാനായത്. മണിയൂരിലാണ് ലതികയ്‌ക്കെതിരേ ആദ്യം എതിര്‍പ്പുയര്‍ന്നത്. ഇതു പരിഹരിക്കാന്‍ വി.എസ് അച്യുതനാനന്ദനെ കൊണ്ടുവന്നെങ്കിലും ഗുണം ചെയ്തില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. പുറമേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയതക്ക് വഴിവച്ചിരുന്നു. തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചെന്നതിന് തെളിവാണ് വോട്ടു ചോര്‍ച്ച.
കെ.കെ ലതികയുടെ പഞ്ചായത്തായ കുന്നുമ്മലിലും വോട്ട് കുറഞ്ഞിട്ടുണ്ട്. ഇവിടെ 1888 വോട്ടാണ് യു.ഡി.എഫിനേക്കാള്‍ കൂടുതലായി ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് ഭരണം പിടിച്ചെടുത്ത കുറ്റ്യാടി പഞ്ചായത്തില്‍ യു.ഡി.എഫിന് 250 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. തിരുവള്ളൂരിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഞെട്ടിപ്പിക്കുന്നതാണ്. 680 വോട്ടാണ് പാറക്കല്‍ അബ്ദുല്ല ഇവിടെ നേടിയത്. വേളത്ത് 2103, ആയഞ്ചേരിയില്‍ 1609 എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ ലീഡ്. അതേസമയം വില്യാപ്പള്ളിയില്‍ എല്‍.ഡി.എഫിന് 173 വോട്ടിന്റെ നേരിയ ലീഡാണ് ലഭിച്ചത്. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പി. മോഹനന്‍ നടത്തിയ ചരടുവലികള്‍ക്കൊടുവിലാണ് ലതികയെ മൂന്നാം തവണയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ തുടക്കത്തില്‍തന്നെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടായിരുന്നു. ചില കേന്ദ്രങ്ങളില്‍ പരസ്യ പ്രതിഷേധങ്ങളും നടന്നിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടിയെയാണ് കുറ്റ്യാടിയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി ലതികയ്ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഇതോടെ കെ.പി കുഞ്ഞമ്മദ് കുട്ടിയെ ലതികയുടെ ചീഫ് ഏജന്റായി നിയമിച്ച് പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമം നടത്തുകയായിരുന്നു. ലതികയുടെ തോല്‍വിയില്‍ കുഞ്ഞമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല ചുരുങ്ങിയ ദിവസം കൊണ്ട് നേടിയെടുത്ത സ്വീകാര്യതയെ ഗൗരവമായി കാണാതെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് ദോഷകരമായെന്നും വിലയിരുത്തുന്നുണ്ട്. ഇടതുമുന്നണിയുടെ പൊതുപരിപാടികളില്‍ പോലും ജനപങ്കാളിത്തം കുറഞ്ഞിട്ടും നേതൃത്വം അലസത കാണിച്ചതാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്.
പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന് ലീഡ് കുറഞ്ഞതും അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് സി.പി.എം ജില്ലാ നേതൃത്വം. കഴിഞ്ഞ തവണ കെ കുഞ്ഞമ്മദ് പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ടി.പി കേവലം 4101 വോട്ടിന്റെ ജയം നേടിയത്. ടി.പിയെ മത്സരിപ്പിക്കുന്നതിനെതിരേ പേരാമ്പ്രയില്‍ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ടി.പിക്കെതിരേ പ്രചാരണം ശക്തമായതോടെ നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധക്കാരെ പ്രചാരണത്തിന് ഇറക്കാനും നേതൃത്വത്തിന് കഴിഞ്ഞു. എന്നാല്‍ ചില പഞ്ചായത്തുകളില്‍ ക്രോസ് വോട്ടിങ് നടന്നുവെന്നത് വ്യക്തമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച പേരാമ്പ്ര, കൂത്താളി, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് നേടിയതും സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സി.പി.ഐ മത്സരിച്ച നാദാപുരം നിയോജക മണ്ഡലത്തിലും സി.പി.എം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് കുറഞ്ഞിരുന്നു. ഇതിന് സി.പി.എം നേതാക്കള്‍ തന്നെ സഹായക നിലപാട് സ്വീകരിച്ചെന്ന ആരോപണം വരുംനാളുകളില്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചക്ക് വഴിവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."