ശാസ്ത്ര ശില്‍പ്പശാലകള്‍ കായലില്‍ നടത്തി ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍
കൊച്ചി: കായലില്‍ ശില്‍പ്പശാലയൊരുക്കി കൊച്ചി വൈദ്യശാസ്ത്ര സമ്മേളനത്തിനു പുതിയ രൂപവും ഭാവവും പകര്‍ന്നു. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അസ്ഥിരോഗ വിദഗ്ധരുടെ മഹാസമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ അതിനു മുന്നോടിയായുള്ള പതിനെട്ട് ശില്‍പ്പശാലകളില്‍ നാല് സെഷനുകളാണ് ക്രൂസ് ബോട്ടില്‍ നടന്നത്. മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയില്‍നിന്ന് രാവിലെ എട്ടിന് ആരംഭിച്ച ക്രൂസ് മെഡിക്കല്‍ സെഷന്‍ സൂര്യാസ്തമയംവരെ തുടര്‍ന്നു. കായലിലെ പഠനശിബിരം മറ്റ് യാത്രികര്‍ക്കും കൗതുകക്കാഴ്ചയായി.
പ്ലാസ്റ്ററിങ്ങിന്റെ (കാസ്റ്റിങ്ങ്) നൂതന രീതികളും, സാങ്കേതികത്വവുമാണ് ബോട്ടിലെ സെഷനുകള്‍ കൈകാര്യം ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന വുഡ് കാസ്റ്റ് (ബയോ ഡീഗ്രെയ്‌ഡെബിള്‍ കാസ്റ്റ്)ന്റെ സവിശേഷതകളും, ഗുണങ്ങളും ബ്രിട്ടണില്‍ നിന്നെത്തിയ വിദഗ്ധര്‍ വിശദീകരിച്ചു. വിദേശികളടക്കം ഇരുപത്തഞ്ചോളം പ്രതിനിധികള്‍ സെഷനില്‍ പങ്കെടുത്തു. പ്രതിനിധികള്‍ക്കുള്ള ഭക്ഷണം ബോട്ടില്‍ ഒരുക്കിയിരുന്നു.
എണ്ണായിരത്തിലധികം അസ്ഥിരോഗ വിദഗ്ധരും, നൂറോളം അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ വൈദ്യശാസ്ത്ര സമ്മേളനത്തിനാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ: ടാജന്‍ പി.ജെ. പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി ആശുപത്രികളും, ഐ.എ.ംഎ ഹാളും, ഹോട്ടലുകളും കേന്ദ്രീകരിച്ച് ശസ്ത്രക്രിയകളുടെ ലൈവ് ടെലികാസ്റ്റും, ശാസ്ത്ര സെഷനുകളും നടന്നു. ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം മെഡിക്കല്‍ സെന്റര്‍, സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, ലൂര്‍ദ് ഹോസ്പിറ്റല്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാണ് ലൈവ് ഓപ്പറേഷനുകള്‍ സംഘടിപ്പിച്ചത്. വരുന്ന നാല് ദിവസങ്ങളിലായി കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ള ആറ് വ്യത്യസ്ത വേദികളില്‍ ആറായിരത്തിലധികം ശാസ്ത്ര പ്രബന്ധങ്ങളും, അനുബന്ധ ചര്‍ച്ചകളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."