സെക്രട്ടറി നിയമനം: പഞ്ചായത്തിന്റെ പ്രമേയം ചട്ട വിരുദ്ധമെന്ന് സെക്രട്ടറി
അരീക്കോട്: പഞ്ചായത്ത് സെക്രട്ടറിയായി തന്നെ നിയമിച്ചതിനെതിരേ പ്രമേയം പാസാക്കിയ പഞ്ചായത്ത് നടപടി ചട്ടവിരുദ്ധമാണെന്ന് നിയമന ഓര്‍ഡര്‍ ലഭിച്ച സെക്രട്ടറി സി.പി സുബൈര്‍ പറഞ്ഞു. 1997 ലെ കേരളാ പഞ്ചായത്തീരാജ് ചട്ടം 3 പ്രകാരം ചുമതലയേല്‍ക്കാന്‍ പോകുന്ന സെക്രട്ടറിക്കെതിരേ പ്രമേയം പാസാക്കാന്‍ പാടില്ലെന്നിരിക്കെ ഇത് മറികടന്നാണ് പ്രമേയം പാസാക്കിയിട്ടുള്ളത്. സ്ഥലം മാറ്റ നിയമനങ്ങള്‍ പാലിക്കാന്‍ പഞ്ചായത്ത് ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി അയോഗ്യനാണെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാം. അതിന് മുന്‍പായി അയോഗ്യനാവുന്നതിന്റെ കാരണം കാണിച്ച് കൊണ്ട് സെക്രട്ടറിക്ക് കത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്തും തനിക്ക് ലഭിച്ചിട്ടില്ലെന്നും അരീക്കോട് പഞ്ചായത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും സി.പി സുബൈര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ചാര്‍ജെടുക്കാനിരിക്കുന്ന സെക്രട്ടറിക്കെതിരെ വൈസ് പ്രസിഡന്റ് എ. ഡബ്ലി.യു അബ്ദുറഹ്മാന്‍ പ്രമേയം അവതരിപ്പിച്ചത്. അംഗം ഉമര്‍ വെള്ളേരി പിന്താങ്ങുകയും ചെയ്തിരുന്നു. 11 അംഗങ്ങള്‍ പങ്കെടുത്ത ബോര്‍ഡ് യോഗത്തില്‍ രണ്ടാം വാര്‍ഡ് അംഗം എം.പി ഭാസ്‌കരന്‍ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. സെക്രട്ടറി ചാര്‍ജെടുക്കുന്നതറിഞ്ഞതോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് പഞ്ചായത്തില്‍ നിന്ന് അതൃപ്തി അറിയിച്ച് മെയില്‍ അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."