നിലമ്പൂര്‍ നഗരസഭ: ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു
നിലമ്പൂര്‍: സെക്രട്ടറി ഉള്‍പ്പെടെ 16 ജീവനക്കാരുടെ കുറവ് മൂലം നിലമ്പൂര്‍ നഗരസഭയുടെ ദൈനംദിന കാര്യങ്ങള്‍ പോലും തടസപ്പെടുന്നു. പലവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ജനങ്ങളാണ് ദിവസങ്ങളോളം നഗരസഭയുടെ ഓഫിസ് കയറിയിറങ്ങി ബുദ്ധിമുട്ടിലാകുന്നത്. ബോര്‍ഡ് യോഗത്തിന് മുന്നോടിയായി അജണ്ട ഉള്‍പ്പെടെ രേഖപ്പെടുത്തിയ നോട്ടീസ് പോലും നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ്. പല കൗണ്‍സിലര്‍മാരും ബോര്‍ഡ് യോഗത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ബോര്‍ഡ് യോഗമുള്ള കാര്യം അറിയുന്നത്. ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തിലാണ് അംഗങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത്.
മുസ്‌ലിംലീഗിലെ അടുക്കത്ത് ഇസ്ഹാഖാണ് വിഷയം ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇതിനെ സ്വതന്ത്ര അംഗം മുസ്തഫ കളത്തുംപടിക്കല്‍ അടക്കമുള്ളവര്‍ പിന്താങ്ങി. ടൈപ്പ് ചെയ്യാന്‍ പോലും ആളില്ലാത്തതുകൊണ്ടാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്നും പലരെയും ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ജീവനക്കാരന്റെ പ്രതികരണം.
എന്നാല്‍ നോട്ടീസ് വീട്ടില്‍ തന്നെ കിട്ടണമെന്ന് ഇസ്ഹാഖ് വാശിപിടിച്ചതോടെയാണ് നഗരസഭ വൈസ് ചെയര്‍മാന്‍ അടക്കം ഇടപെട്ടത്. സെക്രട്ടറി ഉള്‍പ്പെടെ 16 ജീവനക്കാരുടെ കുറവുണ്ടെന്നും ഒരു ജീവനക്കാരന്റെ സേവനം കൂടി നഷ്ടമാകുമെന്നും കഴിഞ്ഞ ആറ് മാസമായി മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയം പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും പി.വി ഹംസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."