മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരത്തില്‍ വീണ്ടും മാറ്റം
മഞ്ചേരി: മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരത്തില്‍ വീണ്ടും മാറ്റം. വെള്ളിയാഴ്ച രാവിലെ എട്ടോടെ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുമെന്ന് ട്രാഫിക് പൊലിസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട ഏഴു തീരുമാനങ്ങള്‍ കൈകൊണ്ടിരിന്നു. ഇതുപ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും മഞ്ചേരിയില്‍ വന്നു തിരിച്ചുപോവേണ്ട ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ ആളെയിറക്കി അവിടെനിന്നു തന്നെ ഓപ്പറേറ്റുചെയ്യണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരേ ഒരു വിഭാഗം ഹൈകോടതിയെ സമീപ്പിക്കുകയും റഗുലേറ്ററി കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരേ സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതനുസരിച്ച് ബസുകള്‍ സര്‍വീസ് നടത്തിവരുന്നതിനിടെ ഇക്കഴിഞ്ഞ ദിവസം മറ്റൊരു വിഭാഗം വീണ്ടും ഹൈകോടതിയെ സമീപ്പിച്ച് കോടതി സ്‌റ്റേ ചെയ്തതൊഴികെയുള്ള ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതി ഇതംഗീകരിക്കുകയും ചെയ്തു. കോടതിയുടെ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വീണ്ടും പരിഷ്‌കാരം കൊണ്ടുവരുന്നത്. ഇതുപ്രകാരം പെരിന്തല്‍മണ്ണ മലപ്പുറം ഭാഗത്തുനിന്നും വണ്ടൂര്‍, നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട്, എളങ്കൂര്‍ ഭാഗത്തേക്കുള്ള പാസിങ് ബസുകള്‍ ഐ.ജി.ബി.ടി തുറക്കല്‍ ബൈപാസ് വഴി ഗേള്‍സ് ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി സെന്‍ട്രല്‍ ജങ്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുകയും തുടര്‍ന്ന് സര്‍വീസ് നടത്തുകയും വേണം.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ്, ഡോക്ടേഴ്‌സ് കോളനിറോഡ്, ഹോസ്പിറ്റല്‍ റോഡ് എന്നിവ വണ്‍വേയായിരിക്കും. നിലമ്പൂര്‍, അരീക്കോട്, എളങ്കൂര്‍ വണ്ടൂര്‍ ഭാഗത്തുനിന്നും മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവേണ്ട ബസുകള്‍ ജസീല ജങ്ഷനില്‍ ആളെയിറക്കി തുറക്കല്‍ ജങ്ഷന്‍ വഴി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്നു തന്നെ ഓപ്പറേറ്റു ചെയ്യണം. പാണ്ടിക്കാട് ഭാഗത്തുനിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കുപോവുന്ന ബസുകള്‍ ചമയം ജങ്ഷനില്‍ ആളെയിറക്കി ജസീല, തുറക്കല്‍ ജങ്ഷന്‍ വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്നും ഓപ്പറേറ്റു ചെയ്യണം. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും മഞ്ചേരി വരെ സര്‍വീസ് നടത്തുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തുറക്കല്‍ ബൈപ്പാസ്, ഗേള്‍സ് സ്‌കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി സെന്‍ട്രല്‍ ജങ്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം, തിരിച്ച് ചമയം ജങ്ഷന്‍, ജസീല ജങ്ഷന്‍, തുറക്കല്‍ വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് സര്‍വീസ് നടത്തുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."