നന്ദിക്കു നന്ദി
ന്യൂഡല്‍ഹി: ആവേശകരമായ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഷൂട്ടൗട്ടില്‍ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നു. ഇത് രണ്ടാം തവണയാണ് ടീം ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന് എതിരാളി. നേരത്തെ പ്രഥമ ഐ.എസ്.എല്ലിന്റെ കലാശപ്പോരിലും ഇരുടീമുകളും തമ്മിലായിരുന്നു പോരാട്ടം.
ഡൈനാമോസിനെ ഷൂട്ടൗട്ടില്‍ 3-0നാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. നിശ്ചിത സമയത്ത ഇരുടീമുകളും 2-2ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്ത ജോസു കുരായിസ്, ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഡല്‍ഹിയുടെ കിക്കെടുത്ത ഫ്‌ളോറന്റ് മലൂദ, ബ്രൂണോ പെല്ലിസാറി, മിസ് എമേഴ്‌സന്‍, എന്നിവര്‍ക്ക് പിഴച്ചു.
രണ്ടാം പാദത്തില്‍ എതു വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് സമനില മോഹിച്ചാണ് ഡല്‍ഹിയുടെ തട്ടകത്തിലെത്തിയത്. ഡല്‍ഹി നിരയില്‍ കോന്‍ഷം സിങിന് പകരം ലാല്‍ചോന്‍കിമ ഇടംപിടിച്ചപ്പോള്‍ ബെല്‍ഫോര്‍ട്ടിന് പകരം ദിദിയര്‍ കാദിയോ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തി.
ബ്ലാസ്റ്റേഴ്‌സാണ് മത്സരത്തിലെ ആദ്യത്തെ മുന്നേറ്റം നടത്തിയത്. ഫ്‌ളോറന്റ് മലൂദയുടെ ഫ്രീകിക്ക് സന്ദീപ് നന്ദി തട്ടികയറ്റി. പന്ത് ലഭിച്ചത്. ജോസുവിന്. തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ജോസു പന്ത് സി.കെ വിനീതിന് നല്‍കി. എന്നാല്‍ സൗവിക് ചക്രബര്‍ത്തിയുടെ ഇടപെടല്‍ താരത്തിന് ഗോള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഡൈനമോസിന് സാധിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് വന്ന ഗോള്‍ ശ്രമം ദിദിയര്‍ കാദിയോ പ്രതിരോധിച്ചെങ്കിലും പന്ത് ലഭിച്ചത് മാര്‍സലീനോയ്ക്ക്. ഒഴിഞ്ഞ നെറ്റില്‍ അനായാസം പന്തെത്തിക്കാന്‍ മാര്‍സലീനോയ്ക്ക് സാധിച്ചു.
എന്നാല്‍ ഇതിന് മൂന്നു മിനുട്ടിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 24ാം മിനുട്ടില്‍ നാസന്റെ മികവിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡല്‍ഹി പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെുത്ത് മുന്നേറിയ നാസന്‍ സമനില ഗോള്‍ നേടുകയായിരുന്നു. രണ്ടു മിനുട്ടുകള്‍ക്ക് ശേഷം ഡല്‍ഹിക്ക് മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. മെഹ്താബ് ഹുസൈനെ വീഴ്ത്തിയതിന് മിലാന്‍ സിങിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. ഇതോടെ ഡല്‍ഹി പത്തു പേരായി ചുരുങ്ങി. ഇതിനിടെ നടന്ന വാഗ്വാദത്തെ തുടര്‍ന്ന് ലാല്‍ചാന്‍കിമയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ആദ്യ പകുതി അവസാനിക്കാനിരിക്കെ മുഹമ്മദ് റാഫിക്ക് പരുക്കേറ്റതോടെ കോച്ച് മുഹമ്മദ് റഫീക്കിനെ കളത്തിലിറക്കി. ഇതിനിടെ ജോസുവിന് മഞ്ഞക്കാര്‍ഡ് കണ്ടതോടെ ഫൈനലില്‍ അദേഹത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.ആദ്യ പകുതിയുടെ അധിക സമയത്താണ് ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിതമായി രണ്ടാം ഗോള്‍ വഴങ്ങിയത്. തെബാറിന്റെ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റൂബന്‍ റോച്ച ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ മുന്‍തൂക്കം നേടിയിരുന്ന ബ്ലാസ്റ്റേഴ്‌സിനൊപ്പം സ്‌കോര്‍ എത്തിക്കാനും ഡല്‍ഹിക്ക് സാധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഒരാളുടെ കുറവുണ്ടായിട്ടും ഡല്‍ഹിയുടെ ആക്രമണങ്ങള്‍ കുറഞ്ഞില്ല. മാര്‍സലിനോയുടെ നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. ഗോളി സന്ദീപ് നന്ദിയുടെ മികവാണ് ടീമിനെ രക്ഷിച്ചത്. ബ്ലാസ്റ്റേഴ്‌സിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."