കാണാതായ 19 മലയാളികള്‍ക്കെതിരേ ഇന്റര്‍പോളിന്റെ നോട്ടിസ്
തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഐ.എസിലേക്ക് ചേക്കേറി എന്നു സംശയിക്കുന്ന അഞ്ചു സ്ത്രീകളുള്‍പ്പെടെയുള്ള 19 മലയാളികള്‍ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു.
പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്നു കാണാതായവര്‍ക്കായി എന്‍.ഐ.എയുടെ ആവശ്യപ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. റാഷി എന്നറിയപ്പെടുന്ന അബ്ദുല്‍ റഷീദ്(30), ഇദ്ദേഹത്തിന്റെ ഭാര്യ ആയിഷ എന്ന സോണിയാ സെബാസ്റ്റിയ(29), പടന്ന സ്വദേശി മുഹമ്മദ് ഷാഹിദ് (29), ടി.കെ മുര്‍ഷിദ് മുഹമ്മദ് (24), ഹഫാസുദ്ദീന്‍ തെക്കേ കോലത്ത്(23), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ്(32), ഇദ്ദേഹത്തിന്റെ ഭാര്യ റഫീല(25), ഷിഹാസ് തെക്കേപ്പുറം(24) ഇദ്ദേഹത്തിന്റെ ഭാര്യ അഭജ് മാല, യാക്കര സ്വദേശി ഈസ (31), ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ എന്ന നിമിഷ (26), യഹിയ എന്ന ബസ്റ്റിന്‍ വിന്‍സന്റ് (24), ഇദ്ദേഹത്തിന്റെ ഭാര്യ മറിയം എന്ന മെറിന്‍ ജേക്കബ് (24), ഷിബി കുന്നത്തില്‍ (31), കാഞ്ഞിക്കോട് മുഹമ്മദ് മര്‍വാന്‍(23), തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ്ഖാന്‍ (24), ഷംസിയാ കുരിയാ (24) സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവര്‍ക്കായാണ് നോട്ടിസ്.
കേരളത്തില്‍നിന്നു കൂട്ടത്തോടെ ഐ.എസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് എന്‍.ഐ.എ അന്വേഷണം തുടങ്ങിയത്. ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടിയത്.
രണ്ടാഴ്ച മുമ്പ് ഇവര്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ചിത്രമടങ്ങിയ വിവരം എല്ലാ വിമാനത്താവളങ്ങളിലും വിദേശത്തെ ഏജന്‍സികള്‍ക്കും മറ്റു രാജ്യങ്ങളിലെ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. നേരത്തേ മൂന്നു വനിതകള്‍ ഉള്‍പ്പെടെ 23 പേര്‍ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കേരളത്തില്‍നിന്നു സിറിയയിലേക്കും, അഫ്ഗാനിസ്ഥാനിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുള്ളവരെ കണ്ടെത്താന്‍ എളുപ്പമല്ലെന്ന വിലയിരുത്തലിലാണ് എന്‍.ഐ.എ ഇന്റര്‍പോളിനെ കൊണ്ട് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.
ഇതോടെ എന്‍.ഐ.എയുടെ അന്വേഷണവും നിലയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."