റേഷന്‍ വിതരണം പുനരാരംഭിച്ചു
തിരുവനന്തപുരം: എഫ്.സി.ഐ ഡിപ്പോ തൊഴിലാളികളുടെ കൂലിസമരത്തെ തുടര്‍ന്ന് മുടങ്ങിയിരുന്ന നവംബര്‍ മാസത്തെ റേഷന്‍ വിതരണം പുനസ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍. തൊഴിലാളികളുടെ സമരം കാരണം എഫ്.സി.ഐയില്‍നിന്ന് റേഷന്‍ ഷാപ്പുകളില്‍ അരിയെത്താത്തതാണ് വിതരണം മുടങ്ങാന്‍ കാരണം. അതിനാല്‍ നവംബറിലെ റേഷന്‍ വാങ്ങാനുള്ള സമയം ഈ മാസം 31 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം ധാന്യങ്ങള്‍ക്കായി കേന്ദ്രത്തിലേയ്ക്കടയ്ക്കാനുള്ള മുഴുവന്‍ തുകയും നവംബര്‍ ആദ്യം തന്നെ ഒടുക്കിയിരുന്നു. എന്നാല്‍, കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ലോഡിറക്കാത്തതിനെ തുടര്‍ന്ന് മുടങ്ങിയ അരി വിതരണമാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ പുനസ്ഥാപിച്ചത്. നവംബര്‍ മാസത്തേക്കുള്ള 90 ശതമാനം ധാന്യങ്ങളും റേഷന്‍ കടകളിലെത്തി. ഡിസംബറിലേക്കുള്ള ലോഡുകളും കടകളിലേക്കെത്തിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
അരിവിതരണം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഡീലര്‍മാരും സഹകരിക്കണം. വിതരണത്തില്‍ ക്രമക്കേടു കാണിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. റേഷന്‍ വിതരണം ഫലപ്രദമാക്കാന്‍ സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകും. പുതിയ റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയിലെ 80 ശതമാനം ആക്ഷേപങ്ങളും ന്യായമാണെന്ന് പരിശോധനാ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ആക്ഷേപങ്ങള്‍ പരിഹരിച്ചുള്ള പുതിയ ലിസ്റ്റ് ജനുവരി അഞ്ചോടെ പുറത്തിറക്കാനാകും.
റേഷന്‍ വിതരണം താളം തെറ്റിയെന്നും ഭക്ഷ്യഭദ്രതാ നിയമം ട്രോജന്‍ കുതിരയാണെന്നും പരിഹസിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞകാലം മറക്കരുത്. ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നത് മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി തോമസാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."