ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ നിരവധി തവണ തന്റെ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സലീംരാജ്
കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പുകേസിലെ പ്രധാനപ്രതി സരിത എസ് നായരും തമ്മില്‍ നിരവധി തവണ തന്റെ മൊബൈല്‍ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെയാണ് സലീംരാജ് മൊഴിനല്‍കിയത്.
തന്റെ രണ്ടു മൊബൈല്‍ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ ഇങ്ങോട്ടുള്ള വിളികളില്‍ ഭൂരിഭാഗവും ഉമ്മന്‍ചാണ്ടിയ്ക്കുള്ളതായിരുന്നുവെന്നും സലീംരാജ് പറഞ്ഞു. സലിംരാജിന്റെ 9048098977 എന്ന നമ്പറില്‍നിന്ന് സരിത ഉപയോഗിച്ചിരുന്ന 9446735555 എന്ന നമ്പറിലേക്ക് 202 തവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. സരിതയുടെ 8606161700 എന്ന നമ്പറില്‍നിന്ന് സലിംരാജിന്റെ 9447349865 എന്ന നമ്പറിലേക്ക് തിരിച്ചും 214 തവണ വിളിച്ചിട്ടുണ്ട്.
ഈ വിളികളില്‍ സരിത ഇങ്ങോട്ടു വിളിച്ചതിലധികവും ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കാനായിട്ടായിരുന്നുവെന്ന് സലീംരാജ് വ്യക്തമാക്കി. ഇതുകൂടാതെയാണ് ലാന്‍ഡ്‌ഫോണില്‍നിന്ന് വിളിച്ചിട്ടുള്ളത്. താന്‍ ഉമ്മന്‍ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ളപ്പോഴായിരുന്നു വിളികളില്‍ അധികവും. നിരവധി തവണ തന്റെ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുമുണ്ട്. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സരിത വിളിക്കുന്നതെങ്കില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം അപ്പോള്‍ ഡ്യൂട്ടിയിലുള്ളയാളുടെ നമ്പര്‍ കൊടുക്കുമായിരുന്നു. പേഴ്‌സനല്‍ സ്റ്റാഫ് ആയിരുന്ന ജിക്കുമോന്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ നമ്പറാണ് കൊടുക്കാറുള്ളത്. ജിക്കുവിന്റെ ഫോണിലൂടെയും പലതവണ ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിലെ ലാന്‍ഡ്‌ഫോണില്‍ താന്‍ സരിതയുമായി സംസാരിച്ചിട്ടുണ്ട്. തന്നെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറഞ്ഞത് ക്ലിഫ്ഹൗസിലെ ഫോണ്‍കാളുകള്‍ ദുരുപയോഗം ചെയ്തുവെന്നാണ്.
എന്നാല്‍ ക്ലിഫ് ഹൗസിലെ ഫോണ്‍ പേഴ്‌സണല്‍ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്. ജിക്കുമോന്‍, ആര്‍. കെ ബാലകൃഷ്ണന്‍ എന്നിവരും ഈ ഫോണില്‍നിന്ന് സരിതയെ വിളിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിലെ ഫോണില്‍ നിന്നും സരിതയെ വിളിച്ചതു മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടന്നത്. സരിത അറസ്റ്റിലാകുന്നതിന് തലേന്ന് ക്ലിഫ് ഹൗസിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് താനായിരുന്നുവെന്ന് കമ്മിഷന്റെ ചോദ്യത്തിനുത്തരമായി സലിംരാജ് പറഞ്ഞു.
സരിതയോട് സലിംരാജ് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് എ.ഡി.ജി.പി തയ്യാറാക്കിയ മൊഴിയിലുള്ളത്. ഇങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഉള്‍പ്പെടുത്താതെ, പറയാത്തത് മൊഴിയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും സലീംരാജ് പറഞ്ഞു. തനിക്കെതിരായുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിന് മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്നും സലിംരാജ് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."