കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം ലക്ഷങ്ങള്‍
പാലക്കാട്: പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഡിപ്പോയ്ക്കുണ്ടായ നഷ്ടം ഒന്നരലക്ഷത്തോളം. നിലവില്‍ ഒരുമാസത്തെ ശമ്പളവും പെന്‍ഷന്‍ കുടിശികയും ലഭിക്കാതെ പ്രതിസന്ധിയില്‍ ഉഴലുന്ന സമയത്താണ് കനത്ത നഷ്ടവും.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കൂടുതലുള്ളതും വരുമാനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു നില്‍ക്കുന്നതുമായ ഡിപ്പോയാണ് പാലക്കാട് ജില്ലയിലേത്. ഇത്തരമൊരു സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കിയതിലൂടെ ജീവനക്കാര്‍ക്കും അതുവഴി സംസ്ഥാന സര്‍ക്കാരിനും കനത്ത പ്രഹരമേറ്റത്.
കഴിഞ്ഞ ഒരു ദിവസം മുഴുവനും തിങ്കളാഴ്ച ഉച്ച കഴിഞ്ഞുമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. അതിര്‍ത്തി സംസ്ഥാനമായതിനാല്‍ തന്നെ കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗങ്ങളിലേക്കാണ് പാലക്കാട് ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വീസുകളുള്ളത്.
കോയമ്പത്തൂരിലേക്കാണ് പ്രധാനം. 22 ഓളം ചെയിന്‍ സര്‍വീസുകള്‍ കോയമ്പത്തൂരിലേക്കും അഞ്ച് സര്‍വീസുകള്‍ പൊള്ളാച്ചിയിലേക്കുമുണ്ട്. ഇതോടെ 27 ചെയിന്‍ സര്‍വീസുകളില്‍ നിന്നായി ഡിപ്പോയ്ക്ക് ഒരു ദിവസം മാത്രം ഒരു ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ നിന്നും മാത്രമാണിത്.
ഇതിനു പുറമെ ബാംഗളൂരുവിലേക്കാണ് മറ്റൊരു സര്‍വീസുള്ളത്. നിലവില്‍ അത് സര്‍വീസ് തുടരുന്നുണ്ട്. ഒന്നരദിവസത്തെ സര്‍വീസ് റദ്ദാക്കിയതിലൂടെ സര്‍ക്കാരിനും ഡിപ്പോയ്ക്കുമുണ്ടായ നഷ്ടം അങ്ങനെ മൊത്തത്തില്‍ ഒന്നരലക്ഷത്തോളം രൂപയുടേതുമായി. ഓരോ ദിവസവും കെ.എസ്.ആര്‍.ടി.സി വരവു-ചിലവു കണക്കുകള്‍ പ്രകാരം 130 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അപ്രതീക്ഷിതമായ തിരിച്ചടി സംഭവിച്ചിരിക്കുന്നത്. കൂടാതെ പ്രതിസന്ധിയെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍തലത്തിലും യൂനിയനുകള്‍ മുഖേനയും നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലുമാണ് അപ്രതീക്ഷിതമായ വരുമാന നഷ്ടം.
കേരളത്തില്‍ നിന്നും കോയമ്പത്തൂര്‍, തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളായ ചെന്നൈ, പൊള്ളാച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നിരവധി സര്‍വീസുകളാണ് പാലക്കാട് വഴി നടക്കുന്നത്. ഇതില്‍ കൂടുതലും വാളയാര്‍ അതിര്‍ത്തി വഴിയാണ്. കോളേജ് വിദ്യാര്‍ഥികളും വ്യാപാരികളും ഉള്‍പ്പെടെ മറ്റു നിരവധി യാത്രക്കാരും സ്ഥിരമായി ആശ്രയിക്കുന്നതും ഇതു വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളെയാണ്. ജയലളിതയുടെ വിയോഗത്തോടെ കഴിഞ്ഞ തിങ്കളാഴ്ചയും ഇന്നലേയും ബസുകളില്‍ തിരക്കും കുറവായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതും വരുമാന നഷ്ടത്തിന് വലിയൊരു അളവില്‍ കാരണമായി. ഇതിനുപുറമെ ശബരിമല സീസണായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വലിയൊരു പ്രവാഹവും കെ.എസ്.ആര്‍.ടി.സി വഴി കേരളത്തിലെത്താറുണ്ട്. ഏതായാലും വരും ദിവസങ്ങളിലെ കളക്ഷന്‍ എത്രത്തോളമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്താനെന്നും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."