മമ്പറത്ത് സി.പി.എം പ്രവര്‍ത്തകന്റെ വീടിനു ബോംബേറ്
കൂത്തുപറമ്പ്: കൂത്തുപറമ്പിനു സമീപം ആയിത്തറ മമ്പറത്ത് സി.പി.എം നേതാവിന്റെ വീടിനു നേരെ ബോംബേറ്. സി. പി.എം കൈതേരി ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കൈതേരി മേഖലാ പ്രസിഡന്റുമായ എം സൂരജിന്റെ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിനു സമീപത്തെ കൊട്ടയാട്ടുചാലില് വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്.
ആര്‍ക്കും പരുക്കില്ല. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. വരാന്തയിലെ ടൈലുകള്‍ക്കും കേടുപാടു പറ്റി. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണ് സൂചന.
കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ കെ.ജെ വിനോയി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ ആര്.എസ് എസ് ആണെന്നു സി.പി.എം ആരോപിച്ചു.
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളായ കെ ധനഞ്ജയന്, പി അശോകന്, വി.കെ സനോജ് എന്നിവര്‍ വീടു സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആയിത്തറ മമ്പറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സൂരജിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."