പാതയോരങ്ങളില്‍ ബാറുകള്‍ പാടില്ലെന്ന കോടതി വിധി നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ബാറുകള്‍ പാടില്ലെന്ന കോടതി വിധി നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കോടതി വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം മാത്രമേ ഇതില്‍ തീരുമാനമെടുക്കാനാവുകയുള്ളൂവെന്നും നടപടിയെക്കുറിച്ച് അതിന് ശേഷം ചിന്തിക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്ത് നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധിയില്‍ കേരളത്തിലെ 300 ബാറുകള്‍ അടച്ചുപൂട്ടേണ്ടി വരും. ബാറുകള്‍ അടച്ചതോടെ ഒരു പരിധിവരെ വെട്ടിലായ കേരളത്തിലെ മദ്യപരേയും കോടതി വിധി ബാധിക്കുമെന്ന് ചുരുക്കം.
കേരളത്തില്‍ പാതയോരങ്ങളിലെ സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ അടച്ചുപൂട്ടപ്പെടുന്നതിനൊപ്പം മാഹിയില്‍ നിന്നുള്ള മദ്യത്തിന്റെ കടത്തും ഒരു പരിധിവരെ ഇതോടെ അവസാനിക്കും.
2015ലെ മദ്യനയത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടിയത് എഴുന്നൂറോളം ബാറുകളാണ്.
കോടതി വിധി ചരിത്ര വിധിയെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ പ്രതികരിച്ചത്.
അതേസമയം പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയാകുക മാഹിയ്ക്കാണ്.
കേസ് പരിഗണിച്ച കോടതി മാഹിയിലെ മദ്യശാലകളുടെ കണക്കില്‍ കടുത്ത ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.കേരളത്തെയും പുതുശ്ശേരിയെയും ബന്ധിപ്പിയ്ക്കുന്ന ദേശീയപാതയില്‍ ഒരു കിലോമീറ്ററില്‍ 64 മദ്യവില്‍പ്പനശാലകളുണ്ടെന്ന് കോടതി കണ്ടെത്തി.
ഓരോ 15 മീറ്ററിലും ഒരു മദ്യശാല എന്നതാണ് സ്ഥിതി എന്ന് കോടതി ചൂണ്ടിക്കാട്ടി.ആകെ 42000 ജനസംഖ്യമാത്രമുള്ള മാഹിയിലാണ് ഈ സ്ഥിതി എന്ന് കോടതി പറഞ്ഞു.
500 മീറ്റര്‍ പരിധികൂടി വിധിയില്‍ വന്നതിനാല്‍ മാഹിയിലെ മറ്റ് അനേകം മദ്യശാലകളും പൂട്ടേണ്ടി വന്നേക്കും. പൊതുവെ വീതി കുറഞ്ഞ ഭൂപ്രദേശം എന്ന നിലയില്‍ ഇവിടെ റോഡില്‍ നിന്ന് അധികം മാറി കടകള്‍ എളുപ്പമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."