ഫ്രാന്‍സിസ് ജോര്‍ജിനെയും പി.സി തോമസിനെയും തിരിച്ചുവിളിച്ച് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) വിട്ടു പോയ ഫ്രാന്‍സിസ് ജോര്‍ജിനെയും പി.സി.തോമസിനെയും സ്വാഗതം ചെയ്ത് പാര്‍ട്ടി മുഖപത്രമായ പ്രതിഛായയില്‍ ലേഖനം. പാര്‍ട്ടി വിട്ടവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തതിനാലാണ് തിരിച്ചുവിളിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
സ്ഥാപകനേതാക്കള്‍ പോലും തിരിച്ചുവന്ന ചരിത്രമുണ്ടെന്നും ലേഖനം പറയുന്നു. സ്ഥാപകനേതാക്കളായ ഇ.ജോണ്‍ ജേക്കബും മാത്തച്ചന്‍ കുരുവിനാക്കുന്നേലും തന്നെയാണ് ഈ മാതൃകയില്‍ പാര്‍ട്ടിയെ രൂപപ്പെടുത്തിയത്. അവര്‍ തുറന്നിട്ട വഴി ഇന്നും അടഞ്ഞുപോയിട്ടില്ല.
ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസും പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും കോട്ടയത്തും ചരല്‍ക്കുന്നിലുമായി നടത്തിയ സമ്മേളനങ്ങളെ രണ്ടു രാഷ്ട്രീയ ദുരന്തങ്ങളെന്നാണ് ലേഖനം വിശേഷിപ്പിക്കുന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ സമ്മേളനത്തില്‍ പിണറായി വിജയന്‍ ഉദ്ഘാടകനായി നിശ്ചയിച്ച് വലിയ പ്രചാരണം നടത്തി.
എന്നാല്‍, പിണറായി എത്തിയില്ല. ചരല്‍ക്കുന്ന് ക്യാമ്പില്‍ പി.സി.തോമസിനും സമാന അനുഭവമുണ്ടായി. അമിത്ഷായെ ഉദ്ഘാടകനാക്കിയെങ്കിലും എത്തിയത് പകരക്കാരന്‍.
സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാത്തവര്‍ പൊയ്ക്കാലുകളില്‍ പൊങ്ങിനില്‍ക്കാം എന്നു വ്യാമോഹിച്ചാല്‍ രാഷ്ട്രീയത്തില്‍ അതത്ര എളുപ്പമല്ലെന്നാണ് കേരള രാഷ്ട്രീയത്തിലെ ഈ സമീപകാല ഇരട്ടദുരന്തങ്ങള്‍ പറഞ്ഞുതരുന്ന പാഠം. ഫ്രാന്‍സിസ് ജോര്‍ജിനും പി.സി.തോമസിനും ഇനിയും സമയമുണ്ടെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."