ഉത്തരമലബാറിലെ ടൂറിസം വികസനത്തിനു മാസ്റ്റര്‍പ്ലാന്‍ തയാറാക്കും: മന്ത്രി കടകംപള്ളി
നീലേശ്വരം: ഉത്തരമലബാറിലെ ടൂറിസം വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ബി.ആര്‍.ഡി.സി കാസര്‍കോട് പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അവസരങ്ങളുടെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ടൂറിസത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതിനായി പ്രത്യേക പദ്ധതികള്‍ തന്നെ സര്‍ക്കാര്‍ തയാറാക്കും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉത്തരമലബാറിനോടു ചേര്‍ന്നുണ്ടാകും. മലബാറിലെ കായല്‍ത്തീരങ്ങള്‍, കാവ്, തെയ്യം, കുളം, തിറ തുടങ്ങിയവ സാംസ്‌കാരിക കേന്ദ്രങ്ങളും കൂടിയാണ്.
വിനോദസഞ്ചാരികള്‍ക്കു താമസിക്കാനും മറ്റും സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ബേക്കലുമായി ബന്ധപ്പെട്ട് വലിയ പദ്ധതികളാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നീലേശ്വരം ബീച്ച് വികസനവും സാധ്യമാക്കും. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കു സര്‍ക്കാര്‍ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ വേണു, കലക്ടര്‍ കെ ജീവന്‍ബാബു, കെ.പി ജയരാജന്‍, വി.വി രമേശന്‍, കെ.പി സതീശ് ചന്ദ്രന്‍, ടി.കെ മന്‍സൂര്‍, സണ്ണി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."