ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് എത്തിയ ദമ്പതികളെ പൊലിസ് മര്‍ദിച്ചതായി പരാതി
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് വിനോദത്തിനായി എത്തിയ ദമ്പതികളെ പൊലിസ് മര്‍ദിച്ചതായി പരാതി. പനയപ്പിള്ളി പണ്ടാര പറമ്പില്‍ സനീഷ്(29) ഇയാളുടെ ഭാര്യ ഷാമില(25), ആസിഫ്(30), ഇയാളുടെ ഭാര്യ ആഷിദ(26), ഇവരുടെ ഒന്നേകാല്‍ വയസുകാരന്‍ മകന്‍ റിഹാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
രാത്രി വൈകിയും കടപ്പുറത്ത് നില്‍ക്കുകയായിരുന്ന ഇവരോട് പൊലിസ് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇത് ചോദ്യം ചെയ്തതോടെ കോപാകുലനായ എസ്.ഐ മോശമായി സംസാരിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സ്ത്രീകളുടെ മുന്നില്‍ വെച്ചും മര്‍ദിച്ചുവത്രേ. തടയാന്‍ ചെന്ന ഷാമിലയേയും കയ്യിലിരുന്ന കുട്ടി റിഹാനേയും പൊലിസ് തള്ളിയിട്ടതായും പറയുന്നു. പൊലിസ് തങ്ങളെ ക്രൂരമായി മര്‍ദിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. ഇത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലന്നും ഇവര്‍ പറയുന്നു. അതേസമയം രാത്രി ഏറെ വൈകിയും കടപ്പുറത്ത് നില്‍ക്കുകയായിരുന്ന ദമ്പതികളോട് മടങ്ങുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ലന്നും പൊതു സ്ഥലത്ത് പൊലിസ് പറയുന്നത് അനുസരിക്കണമെന്നും ആവശ്യപ്പെട്ട എസ്.ഐയെ പിടിച്ച് തള്ളിയിടുകയുമായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
നിലത്ത് വീണ എസ്.ഐക്ക് നേരെ വീണ്ടും കയ്യേറ്റമുണ്ടായപ്പോള്‍ അത് പൊലിസ് തടയുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. രണ്ട് പുരുഷന്‍മാരും മദ്യ ലഹരിയിലായിരുന്നുവെന്നും എസ്.ഐ എസ് ദ്വിജേഷ് പറഞ്ഞു. പൊലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായും പൊലിസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മൊഴി ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."