പട്ടയ നടപടികള്‍ ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കും: റവന്യു മന്ത്രി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അടുത്ത ഏപ്രില്‍ 30 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആദ്യഘട്ടമായി 10,000 പേര്‍ക്ക് പട്ടയം നല്‍കുമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.
ജില്ലയിലെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികളിലെ പുരോഗതി വിലയിരുത്തുന്നതിന് ഇടുക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ആഗസ്റ്റ് 22ന് നടത്തിയ അവലോകന യോഗത്തിനു ശേഷം 1993 ലെ ചട്ടങ്ങള്‍ പ്രകാരമുള്ള 442 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേരത്തെ പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടില്ല. സര്‍വ്വെയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനായി ഡെപ്യൂട്ടേഷന്‍, വര്‍ക്കിംഗ് അറേജ്‌മെന്റ് നിയമനങ്ങള്‍ റദ്ദാക്കി, ഒഴിവുകള്‍ നികത്തിയിട്ടുണ്ട്. സര്‍വേയും മറ്റു നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് പട്ടയവിതരണം നടത്തും. ഭൂമി പതിവു ഓഫീസുകള്‍ ഒന്നും നിര്‍ത്തലാക്കിയിട്ടില്ല. ജീവനക്കാരുടെ കുറവ് പരിഹരിച്ചിട്ടുണ്ട്.
നിയമന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ ഇനിയും അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ പുതുതായി അപേക്ഷ ക്ഷണിച്ചു പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തൊട്ടാകെ നിര്‍ത്തിവച്ച റീസര്‍വ്വെ ജോലികള്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്റെ ഭാഗമായി ജി.പി.എസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റീസര്‍വ്വെയ്ക്ക് ഉപയോഗപ്പെടുത്തും.
അവലോകന യോഗത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി. ജയിംസ്, ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാര്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."