അപകടാവസ്ഥയിലുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കും
പരപ്പനങ്ങാടി: പൊട്ടിപ്പൊളിഞ്ഞ് അപകടാസ്ഥയിലുള്ള പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുമെന്ന് നഗരസഭ അധികൃതര്‍. പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും കെട്ടിടത്തിലെ കച്ചവടക്കാരുമായി നിലനിന്നിരുന്ന കേസുകള്‍ക്ക് ഹൈക്കോടതിയില്‍ തീര്‍പ്പായതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.
മൂന്നുമാസത്തിനകം കെട്ടിടത്തിലുള്ള കച്ചവടക്കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് കോടതി വിധി. എന്നാല്‍ ഡിസംബര്‍ 30നകം തന്നെ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്ന് കച്ചവടക്കാര്‍ എഴുതിനല്‍കിയതായി നഗരസഭാ ഉപാധ്യക്ഷന്‍ എച്ച് ഹനീഫ പറഞ്ഞു.
മലപ്പുറം, കോട്ടയ്ക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് ഈ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒരുവശത്തെ സിമന്റ് പൂര്‍ണമായും അടര്‍ന്നുവീണ അവസ്ഥയിലാണ് പത്തോളം കടകളും എക്‌സൈസ് റെയിഞ്ച് ഓഫിസും അടങ്ങുന്ന ഈ കെട്ടിടം. എക്‌സൈസ് റെയിഞ്ച് ഓഫിസിന് പ്രവര്‍ത്തിക്കാനായി വാടകകെട്ടിടം ഉടന്‍ കണ്ടെത്തുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."