ഫൈസല്‍ വധം: വിശദീകരണവുമായി ഡിവൈ.എസ്.പി രംഗത്ത്
മലപ്പുറം: കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ കൊലപാതകത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണത്തിനിടെ വിശദീകരണവുമായി അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി പ്രദീപ് കുമാര്‍. അന്വേഷണം ശരിയായദിശയിലാണെന്നും ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായവര്‍ ആര്‍.എസ്.എസ്, സംഘ്പരിവാര്‍ പ്രവര്‍ത്തകരും തീവ്ര നിലപാടുള്ളവരുമാണെന്നു സമ്മതിക്കുന്ന പത്രക്കുറിപ്പില്‍ ഫൈസലിന്റെയും കുടുംബത്തിന്റെയും മതമാറ്റം സൃഷ്ടിച്ച വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നും വ്യക്തമാക്കുന്നു.
മതപരമായുള്ള വിദ്വേഷവും വൈകാരിക പ്രതികരണങ്ങളും സൃഷ്ടിച്ചേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ചും പ്രതികളെ സാക്ഷികള്‍ തിരിച്ചറിയേണ്ട നിയമപരമായപ്രശ്‌നങ്ങള്‍ കണക്കിലെടുത്തും അന്വേഷണനടപടിക്രമത്തില്‍ പൊലിസ് പാലിച്ച സൂക്ഷ്മതയും രഹസ്യാത്മകതയുമാണ് തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും വാസ്തവവിരുദ്ധമായ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയത്. കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത് കൊണ്ടോട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫയാണ്. തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം അന്വേഷണം മലപ്പുറം ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഏറ്റെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും പ്രഗത്ഭരായ ഇരുപതിലധികം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അേേന്വഷണം നടക്കുന്നത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ അന്വേഷണ നടപടികളുടെ ഫലമാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ഗൂഢാലോചനയുള്‍പ്പെടെ കുറ്റം തെളിയിക്കുന്നതിനും പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും സാധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായവരെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും വ്യക്തമായി തിരിച്ചറിയുന്നതിനും പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും പഴുതുകളടച്ച അന്വേഷണത്തിലൂടെ പൊലിസിന് സാധിച്ചിട്ടുണ്ട്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെയും ഒളിവില്‍ കഴിയുന്ന പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് മലപ്പുറം ഡിവൈ.എസ്.പി അറിയിച്ചു.
അന്വേഷണച്ചുമതലയില്‍ നിന്ന് മലപ്പുറം ഡിവൈ.എസ്.പിയെ മാറ്റണം
മലപ്പുറം: കൊടിഞ്ഞിയിലെ ഫൈസലിന്റെ യഥാര്‍ഥഘാതകരായ ആര്‍.എസ്.എസ് നേതാക്കളെ പൊലിസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് പോപുലര്‍ ഫ്രണ്ട് ജില്ലാപോലിസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. യഥാര്‍ഥപ്രതികളായ ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുക, അന്വേഷണച്ചുമതലയില്‍ നിന്ന് മലപുറം ഡിവൈ.എസ്.പിയെ മാറ്റുക, ഫൈസല്‍ വധത്തിനായി ഗൂഢാലോചന നടത്തിയ വെള്ളിയാപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍ അടച്ചു പൂട്ടുക, ഫൈസലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി കെ.കെ അബ്ദുല്‍ മജീദ് ഖാസിമി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."