ഉപയോഗശൂന്യമായ സര്‍ക്കാര്‍ കെട്ടിടം കഞ്ചാവ് മാഫിയ താവളമാക്കുന്നു
മൊഗ്രാല്‍പുത്തൂര്‍: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന കോംപൗണ്ടിനകത്തു കഞ്ചാവ് സംഘങ്ങള്‍ വിലസുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു.
അറാഫാത്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡിസ്പെന്‍സറി, ഹോമിയോ ആശുപത്രി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മാതൃസംഘം ഹാള്‍ എന്നീ കെട്ടിടങ്ങള്‍ക്കു പിറകിലായി ഉപയോഗശൂന്യമായ ഫാമിലി വെല്‍ഫയര്‍ സെന്റര്‍ കെട്ടിടം കേന്ദ്രീകരിച്ചാണു കഞ്ചാവ് മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം.
കഞ്ചാവ് എത്തിച്ച നൂറു കണക്കിന് പ്ലാസ്റ്റിക് കവറുകള്‍, കഞ്ചാവ് ബീഡി ഉണ്ടാക്കാന്‍ സൂക്ഷിച്ച കത്രിക തുടങ്ങിയവ പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ്. വിദ്യാര്‍ഥികളെ വലയിലാക്കി കഞ്ചാവ് സംഘങ്ങള്‍ മൊഗ്രാല്‍പുത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പ്രദേശവാസികള്‍ പൊലിസില്‍ നല്‍കിയിട്ടും മാഫിയാ സംഘങ്ങള്‍ക്കെതിരേ നടപടി എടുക്കാറില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ പരിശോധനയ്ക്കായെത്തിയ നാട്ടുകാരെ കണ്ടു സംഘത്തിലെ പതിനേഴുകാരന് മതില് ചാടി രക്ഷപ്പെട്ടിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ അറാഫാത്ത് നഗറിലാണു സംഭവം. മൊഗ്രാല്‍പുത്തൂരില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു പ്രദേശത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."