കശുവണ്ടി തൊഴിലാളികള്‍ ബാങ്കില്‍ നിന്ന് ശമ്പളം വാങ്ങണമെന്ന നിബന്ധന അംഗീകരിക്കാനാവില്ല: സത്യശീലന്
കൊല്ലം: പാവപ്പെട്ട കശുവണ്ടി തൊഴിലാളികള്‍ ശമ്പളം ബാങ്കില്‍ നിന്ന് വാങ്ങണമെന്ന നിബന്ധന അങ്ങേയറ്റം ക്രൂരമാണെന്നും ഒരു കാരണവശാലും അത് അംഗീകരിക്കാനാവില്ലെന്നും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി. സത്യശീലന് വ്യക്തമാക്കി.
മോദിയുടെ നോട്ടു പരിഷ്കാരം പട്ടിണിക്കാരായ കശുവണ്ടി തൊഴിലാളികളെയാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന നടത്തുന്ന പരിഷ്കാരങ്ങള്‍ നിത്യ പട്ടിണിക്കാരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു.
കശുവണ്ടി തൊഴിലാളികള്‍ പണി എടുക്കുന്ന ഫാക്ടറികളില്‍ നിന്നാണ് കൂലി വാങ്ങിച്ചു വന്നത്. നോട്ട് പരിഷ്കാരം വന്നതോടെ കൂലി നല്‍കുന്നത് മുടങ്ങി. ബാങ്ക് വഴി നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. സാധാരണക്കാര്‍ പോലും ബാങ്കിന്റെ തിണ്ണയില്‍ നിരങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്. അക്കൗണ്ട് പോലും ഇല്ലാത്ത കശുവണ്ടി തൊഴിലാളികള്‍ അക്കൗണ്ട് എടുത്ത് ബാങ്കിന്റെ മുന്പില് ക്യൂ നില്‍ക്കണമെന്ന് പറയുന്നത് ക്രൂരമായ നടപടിയാണ്. കശുവണ്ടി കോര്‍പറേഷനിലും കാപെക്സിലും ശമ്പളം മുടങ്ങിയിരിക്കുകയാണ്. നാലാഴ്ചയായി തൊഴിലാളികള്‍ക്ക് ശമ്പളമില്ല. കേന്ദ്രത്തെ കുറ്റം പറയുന്നതല്ലാതെ സംസ്ഥാന ഗവണ്മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സ്വകാര്യ മേഖലയിലെ ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഗവണ്മെന്റ് ഇക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."