നോട്ട് നിരോധനം 1971ല്‍ നടപ്പാക്കേണ്ടതായിരുന്നു: മോദി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരേയുള്ള പ്രതിപക്ഷ നീക്കത്തിനിടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി രംഗത്ത്. 1971ല്‍ ഇന്ദിരാഗാന്ധി അധികാരത്തിലിരിക്കെ തന്നെ നോട്ട് നിരോധനം പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അന്നതു ചെയ്യാത്തതിന്റെ പേരില്‍ രാജ്യത്തിനു വന്‍ നഷ്ടമാണുണ്ടായതെന്നും മോദി പറഞ്ഞു. രാജ്യത്തെ കള്ളപ്പണം തടയാന്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്യക്ഷമമായ നടപടികളെടുത്തില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. ബി.ജെ.പി പാര്‍ലമെന്ററി യോഗത്തെ അഭിസംബോധന ചെയ്തു മണിക്കൂറുകള്‍ക്കു ശേഷം പുറത്തുവിട്ട പ്രസംഗത്തിന്റെ റെക്കോര്‍ഡിങ്ങിലാണു മോദിയുടെ വിമര്‍ശനം.
മുന്‍ ബ്യൂറോക്രാറ്റ് മാധവ് ഗോഡ്‌ബോലേയുടെ പുസ്തകം ഉദ്ധരിച്ചാണ് മോദി കോണ്‍ഗ്രസിനെതിരേ ആക്ഷേപശരങ്ങള്‍ എയ്തത്. കള്ളപ്പണം തടയാനായി അന്നത്തെ ആഭ്യന്തര മന്ത്രി വൈ.ബി ചവാന്‍ നോട്ട് നിരോധനം മുന്നോട്ടുവച്ചപ്പോള്‍ ഇന്ദിരാഗാന്ധി തിരിഞ്ഞുകളഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ടെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിനു പോരാടേണ്ട വേറെ തെരഞ്ഞെടുപ്പുകളൊന്നുമില്ലേയെന്നായിരുന്നു ചവാന്റെ നിര്‍ദേശത്തോട് ഇന്ദിരാഗാന്ധിയുടെ പ്രതികരണം. ഇതോടെ നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു. 1971ല്‍ ഈ നിര്‍ദേശം നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യം ഇന്നത്തെ അവസ്ഥയിലെത്തുമായിരുന്നില്ലെന്നും മോദി പറഞ്ഞു. 70കളില്‍ നോട്ടുനിരോധനം മുന്നോട്ടുവച്ച വാന്‍കോ കമ്മിറ്റി റിപ്പോര്‍ട്ടും നിര്‍ദേശം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇടതുപക്ഷ നേതാവ് ജ്യോതിര്‍മയി ബസുവിനെയും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേയും മോദി ആഞ്ഞടിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള ഉറച്ച നടപടികളെ കുറിച്ച് മന്‍മോഹന്‍ സിങ് വാദിക്കുന്നുണ്ടെങ്കിലും രാജ്യം ഭരിച്ച പത്തു വര്‍ഷക്കാലം അതിനായി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി.
മുന്‍പ് സര്‍ക്കാരുകളുടെ അഴിമതി വിവാദങ്ങളില്‍ പ്രതിപക്ഷം നടത്തിയിരുന്ന സഭ സ്തംഭിപ്പിക്കല്‍ സമരം ഇപ്പോള്‍ അഴിമതിയും കള്ളപ്പണവും തടയാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേയാണു പ്രതിപക്ഷം പ്രയോഗിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഡിജിറ്റല്‍ എക്കോണമിയിലേക്കു ജീവിതശൈലി മാറ്റി സമൂഹത്തിലെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന് മോദി വീണ്ടും ജനങ്ങളോട് ആവശ്യപ്പെട്ടു.
വിജയദിവസ് ആയിരുന്ന ഇന്നലെ, പാക്കധീന കശ്മിരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശങ്ങളെയും മോദി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."