ഉമ്മു ഇനി ഓടിയെത്തും, ഏത് ഉയരങ്ങളിലേക്കും
കുന്നംകുളം: ഇരുകാലുകളും നഷ്ടപെട്ട 42 കാരിയായ പോര്‍ക്കളെങ്ങാട് വലിയകത്ത് വീട്ടില്‍ മൊയ്തീന്റെ മൂന്നാമത്തെ മകള്‍ ഉമ്മുവിനിപ്പോള് ലോകം വെട്ടിപിടിച്ച സന്തോഷമാണ്. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട ഉമ്മുവിന്റെ ജീവിതത്തില്‍ ഇപ്പോള്‍ കുന്നംകുളത്തെ ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സോസൈറ്റി പ്രവര്‍ത്തകരുടെ നല്ലമനസ്സിനാല് പുത്തന്‍ പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുകയാണ്. ഉമ്മുവിനു ജീവിതത്തില്‍ അത്ര വലിയ മോഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏതൊരാളെയും പോലെ സ്വന്തം കാലില്‍ നില്‍ക്കാനാണ് അവര്‍ ആഗ്രഹിച്ചത്. ഇരുകാലുകളും നഷ്ടപ്പെട്ട ഉമ്മുവെന്ന 42 കാരിക്ക് ആ സ്വപ്നം തന്നെ ഇത്രയും നാള് വിദൂരമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മുവിന്റെ ജീവിതത്തിലേക്ക് ദുരന്തമായി അഗ്നികിരണങ്ങള്‍ പടര്‍ന്നുകയറിയത്. ഗുരുവായൂരിലെ ഓല പുരയില്‍ രാത്രിയിലെ പഠനത്തിനിടയില്‍ വിളക്കില്‍ നിന്ന് തീ പടര്‍ന്നാണ് കാലുകള്‍ക്ക് പൊള്ളലേറ്റത്. പാദത്തില്‍ നിന്ന് പഴുപ്പ് കയറിയതിനെ തുടര്‍ന്ന് 18ാമത്തെ വയസ്സില്‍ ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്നു. ശേഷിക്കുന്ന ഒരു കാല് വച്ച് ഉമ്മു വിധിയെ തോല്‍പ്പിച്ചു മുന്നേറി. എന്നാല്‍ എല്ല് പൊടിയുന്ന അസുഖം ബാധിച്ചു അവശയായ ഉമ്മുവിന്റെ വലതുകാലും ഒന്‍പതു വര്‍ഷം മുന്‍പ് മുറിച്ചുമാറ്റിയതോടെ മുന്നോട്ടുള്ള ഉമ്മുവിന്റെ ജീവിതം വലിയൊരു ചോദ്യമായി അവശേഷിച്ചു. കൃത്രിമകാല് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നടക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ചികിത്സകള്‍ക്കുവേണ്ടി ആശുപത്രിയില്‍ പോകുവാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഉമ്മുവിനു പലപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടതായി വന്നു. പത്ത് വര്‍ഷം മുന്‍പ് ഉപ്പയുടെ മരണശേഷം സഹോദരങ്ങള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഇരുകാലുകളും നഷ്ടപ്പെട്ടതോടെ സ്വന്തമായി തൊഴില്‍ ചെയ്തു സമ്പാദിക്കണമെന്ന മോഹമെല്ലാം ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും സഞ്ചരിക്കാന്‍ പോലും മറ്റൊരാളുടെ സഹായം ആവശ്യമായിരിക്കെ തൊഴില്‍ എന്ന മോഹം സ്വപ്നമായി തന്നെ മാറുകയായിരുന്നു. ഉമ്മുവിന്റെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കിയ കുന്നംകുളത്തെ ഷെയര്‍ ആന്‍ഡ് കെയര്‍ സംഘടനയാണ് ഉമ്മുവിന്റെ മുന്നോട്ടുള്ള ജീവിതത്തിനു സഹായകമായി വാഹനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."