നാട്ടുകല്‍ പൊലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന നാട്ടുകല്‍ പൊലിസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി. കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ നല്ലൊരുഭാഗവും നാട്ടുകല്‍ സ്റ്റേഷന് പരിധിയിലാണ് വരുന്നത്.
റോഡ് അപകടങ്ങളും ട്രാഫിക് കേസുകളും നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നതിനു പുറമേ മുറിയംങ്കണ്ണി പുഴയില്‍നിന്നും മണല്കടത്തുന്നതും പൊലിസ് പിടികൂടുന്നുണ്ട്. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങളും പൊലിസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ വാഹനങ്ങള്‍ ലേലം ചെയ്ത് വിറ്റാല്‍ വന്‍തുക സര്‍ക്കാരിലേക്കു ലഭിക്കും.
മിനിലോറി, ജീപ്പ്, കാറുകള്‍, ബൈക്ക് എന്നിവയാണ് പ്രധാനമായും ഇവിടെ കൂടികിടന്നു നശിക്കുകയാണ്. കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ്. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലും ഇതേ അവസ്ഥ തന്നെയാണ്.
ഇവിടെയും നിരവധി വാഹനങ്ങളാണ് നശിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടനേ ലേലം ചെയ്യുകയോ അല്ലെങ്കില്‍ പിഴചുമത്തി തിരിച്ചു നല്‍കുകയോയാണ് ചെയ്യാറുള്ളത്.
വര്‍ഷങ്ങള്‍ കഴിയുംതോറും ഈ വാഹനങ്ങള്‍ പഴയ മാര്‍ക്കറ്റില്‍പോലും എടുക്കാനാകാത്ത അവസ്ഥയിലേക്ക് എത്തും.
അധികൃതര്‍ ഇടപെട്ട് ഈ വാഹനങ്ങള്‍ എത്രയുംവേഗം ലേലം ചെയ്തു വില്‍ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."