സഹകരണ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് കോടികള്‍
അകത്തേതറ: ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ള 300 കോടിയോളം രൂപ സഹകരണ ബാങ്കുകളില്‍ കെട്ടികിടക്കുന്നു. ഒന്നാം വിളവെടുപ്പില്‍ സംഭരിച്ച നെല്ലിന്റെ തുകയാണ് കര്‍ഷകര്‍ക്ക് എടുക്കാന്‍ പറ്റാതെ സഹകരണ ബാങ്കുകളില്‍ കിടക്കുന്നത്. വിത്ത്, വളം, കൃഷിയിറക്കാനുള്ള വായ്പ മുതല്‍ വിളവെടുത്ത നെല്ലിന്റെയും പച്ചക്കറിയുടെയും പണം വരെ വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകളാണ്. വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയില്‍ ഭൂരിഭാഗം കര്‍ഷകരും രണ്ടാം വിളവെടുപ്പ് നടത്താതെ വയലുകള്‍ തരിശായിട്ടിരിക്കുകയാണ്.
ഒന്നാം വിളവെടുപ്പിലെ നെല്ല് വിറ്റ തുക പോലും കിട്ടാത്തതിനെ തുടര്‍ന്ന് ദൈനംദിന ചെലവ് പോലും നടത്താന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി അഞ്ഞൂറില്‍ കുറയാത്ത കര്‍ഷകരുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലത്തും കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലക്ക് സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിച്ചിരുന്നു.
ചില ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലക്ക് നെല്ല് വാങ്ങി വന്‍ ലാഭം കൊയ്യുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിക്കാന്‍ തുടങ്ങിയത്. ഈ ഇനത്തില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ കോടിക്കണക്കിന് രൂപ നെല്‍ കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. ഇപ്പോള്‍ 25,000 രൂപ വരെ കര്‍ഷകര്‍ക്ക് കൊടുക്കാമെന്ന് പുതിയ ഉത്തരവ് വന്നെങ്കിലും ഒരു രൂപ പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ സഹകരണ ബാങ്കുകള്‍. കൊടുക്കാനുള്ള കറന്‍സി നോട്ടുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമാക്കിയിരിക്കുന്നത്.
നെല്ല് കൂടാതെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങി വില്‍പ്പന നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളുമുണ്ട്. കര്‍ഷകരില്‍ നിന്ന് വിവിധ തരം പയര്‍, വഴുതിന, പാവയ്ക്ക, പടവലം, വെണ്ട, കുമ്പളങ്ങ, മത്തന്‍, ചേന, വെള്ളരിക്ക, അമര തുടങ്ങിയ പച്ചക്കറികളാണ് കര്‍ഷകരില്‍ നിന്നും വാങ്ങുമ്പോള്‍ ഈ ഇനത്തിലും കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ കിട്ടാനുണ്ട്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായതോടെ ഇനി എങ്ങനെ പണം കിട്ടുമെന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. സര്‍ക്കാറിന് മാത്രമല്ല ബാങ്കുകള്‍ക്ക് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്.
ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് സഹകരണ ബാങ്കിലെ പ്രതിസന്ധി.
ഇതിന് പരിഹാരം കാണാത്തപക്ഷം ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടി വരുമെന്നാണ് ജില്ലയിലെ കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."