അറബി ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍
ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗികഭാഷയാണ് അറിബി. 162 മില്യണില്‍ അധികംവരുന്ന മുസ്‌ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്‌ലിംകളല്ലാത്ത അനേകംപേര്‍ അറബി മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാംസ്ഥാനത്ത് അറബിഭാഷയാണ്. യു.എന്‍.ഒയുടെ ആറ് ഔദ്യോഗികഭാഷകളിലൊന്നാണത്.
ചരിത്രം
സെമിറ്റിക് ഭാഷാംഗമായ അറബി പുരാതനം, ജാഹിലിയ്യ, സുവര്‍ണം, അപചയം, ആധുനികം, ഉത്തരാധുനികം, വര്‍ത്തമാനം എന്നീ കാലഘട്ടങ്ങളിലൂടെ അതിജീവനം നടത്തി വികാസത്തിന്റെ നെറുകയിലാണിന്ന്. പുരാതനഘട്ടത്തില്‍ത്തന്നെ യൗവനദശയിലെത്തിയ അറബിഭാഷയില്‍ ജാഹിലിയ്യ (ഇസ്‌ലാമിനു മുന്‍പുള്ള രണ്ടുനൂറ്റാണ്ടു കാലം) കാലഘട്ടത്തില്‍ പൂര്‍ണമായ സാഹിത്യസൃഷ്ടികളുണ്ടായിരുന്നു. വിവിധ ഗോത്രഭാഷകള്‍ അന്നുണ്ടായിരുന്നെങ്കിലും ഖുര്‍ആന്റെ അവതീര്‍ണത്തോടെ അറബി അന്നത്തെ പൊതുസാഹിത്യഭാഷയായി.
ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ അറബിഭാഷയുടെ സുവര്‍ണകാലം. അബ്ബാസികളുടെ പതനം വരെ വികാസപ്രവാഹം നിലനിന്നു. അക്കാലത്ത് അനവധി വിജ്ഞാനശാഖകളും ആയിരക്കണക്കിനു പുതിയ അറബി പദങ്ങളും പ്രയോഗങ്ങളും വൈദേശികപദങ്ങളും പ്രയോഗങ്ങളുംകൊണ്ട് അതു സമ്പുഷ്ടമായി. തത്വചിന്ത, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗണിതം, ഭാഷ, സാഹിത്യം, ചരിത്രം, സംഗീതം, കൃഷി, രസതന്ത്രം, ഭൗതികശാസ്ത്രം, ജോത്സ്യം തുടങ്ങിയ വിഷയങ്ങളിലുള്ള അനേകം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍നിന്നായി അറബിയിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു.
എ.ഡി 1258 ല്‍ ബാഗ്ദാദ് ആക്രമിച്ച മംഗോള്‍ സൈന്യം അറബ് സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രങ്ങളും പൈതൃകങ്ങളും പൂര്‍ണമായും തകര്‍ത്തു. അറബി ഭാഷയില്‍ രചിക്കപ്പെട്ട കഥാ-കവിതാ സാഹിത്യം, ഭാഷാശാസ്ത്രങ്ങള്‍, പ്രകൃതി-ഭൗതികശാസ്ത്രങ്ങള്‍, സഞ്ചാരസാഹിത്യം എന്നിവയിലെ പ്രധാന കൃതികളെല്ലാം നശിപ്പിച്ചു. എ.ഡി 1516 വരെ ഈ ദുരന്താവസ്ഥ തുടര്‍ന്നു. അറബിഭാഷയുടെയും സാഹിത്യത്തിന്റെയും ഇരുണ്ടയുഗമായാണ് ഈ കാലം അറിയപ്പെടുന്നത്. എങ്കിലും ജലാലുദ്ദീനുസ്സുയൂത്വി, ഇബ്‌നുഖല്‍ദൂന്‍ എന്നിവരെപ്പോലെയുള്ള പണ്ഡിതരുടെ സംഭാവനകള്‍ പ്രശംസനീയമാണ്.
എ.ഡി 1516 മുതല്‍ 1798 തുര്‍ക്കിയുഗത്തിലും അറബി ഭാഷയുടെ പ്രതാപവും ചൈതന്യവും വീണ്ടെടുക്കാനായില്ല. ഈജിപ്തിലെ അല്‍അസ്ഹര്‍ കലാശാലയുടെ സംഭാവനകള്‍ മാറ്റി നിര്‍ത്തിയാല്‍ വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതകൊണ്ടു മാത്രമാണ് അറബി ഭാഷയുടെ അടിത്തറയ്ക്കു കോട്ടംപറ്റാതെ നിലനിന്നത്.
നെപ്പോളിയന്റെ അധിനിവേശാനന്തരം ഈജിപ്ത് സാംസ്‌കാരിക വൈജ്ഞാനികപ്രവര്‍ത്തനത്തില്‍ മുഴുകി. അത് ഉയര്‍ത്തെഴുന്നേല്‍പ്പിനു വഴിയൊരുക്കി. അത് അറബികളുടെ വൈജ്ഞാനിക - സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനു തുടക്കമായി. പാശ്ചാത്യലോകവും നാഗരികതയുമായുള്ള സമ്പര്‍ക്കം ഈ മാറ്റത്തിനു വേഗം കൂട്ടി. മധ്യയുഗത്തില്‍ അന്ധകാരത്തിലായിരുന്ന യൂറോപ്പ് തങ്ങളുടെ വൈജ്ഞാനിക സാംസ്‌കാരിക പുരോഗതിക്ക് ആധാരമാക്കിയത് അറബി ഭാഷയും സംസ്‌കാരവുമായിരുന്നു.
1828ല്‍ ആരംഭിച്ച 'അല്‍ വഖാഇഉല്‍ മിസ്‌രിയ്യ' പത്രം, മറ്റു പ്രസിദ്ധീകരണങ്ങള്‍, ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, പുസ്തക പ്രസാധനം, സാഹിത്യഅക്കാദമികളുടെ രംഗപ്രവേശം, ഓറിയന്റലിസ്റ്റുകളുടെ വൈജ്ഞാനിക - സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍, നാടക കലയുടെയും നാടകശാലകളുടെയും പ്രവേശം തുടങ്ങിയ ഘടകങ്ങള്‍ അറബി ഭാഷയെ ആധുനികമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പുതിയ സാഹിത്യ സിദ്ധാന്തങ്ങളായ ക്ലാസിസം, റിയലിസം, റൊമാന്റിസം, സിമ്പോളിസം, സ്ട്രക്ചറലിസം തുടങ്ങിയവ അറബി സാഹിത്യത്തില്‍ അവതരിപ്പിക്കപ്പെട്ടു.
വര്‍ത്തമാനം
1945ല്‍ അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ രൂപീകരണവും ഗള്‍ഫ് മേഖലയിലെ പെട്രോളിന്റെ സാന്നിധ്യവും അറബ് എണ്ണ കയറ്റുമതി രാഷ്ട്രസമിതി (ഓപെക്) യുടെ രൂപീകരണവും അറബി ഭാഷക്ക് അന്തര്‍ദേശീയതലത്തില്‍ വളര്‍ച്ചയുണ്ടാക്കി. 1988ല്‍ ഈജിപ്ത് അറബ് നോവലിസ്റ്റ് നജീബ് മഹ്ഫൂളിനു നൊബേല്‍ സമ്മാനം ലഭിച്ചു. 2008 മുതല്‍ 2016 വരെ 9 അറബി നോവലുകള്‍ക്ക് ബുക്കര്‍ പ്രൈസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച 'പ്രകാശവര്‍ഷം 2015' ആഘോഷം ആയിരംവര്‍ഷംമുന്‍പ് ഗോളശാസ്ത്രത്തില്‍ ഇബ്‌നുല്‍ ഹൈഥം അറബി ഭാഷയില്‍ രചിച്ച കിതാബുല്‍ മനാളിറിന്റെ സ്മരണാര്‍ഥമായിരുന്നു.
വിവരസാങ്കേതികവിപ്ലവത്തില്‍ മറ്റുഭാഷകള്‍ നേരിട്ട ഒരു പ്രശ്‌നവും അറബിയ്ക്കുണ്ടായില്ല. ബ്രൈല്‍ ലിപിയടക്കം അറബിമലയാളം, അറബിതമിഴ് എന്നിവപോലെ അനേകം മിശ്രഭാഷകളും ലിപികളും ഇന്ന് അറബിഭാഷയ്ക്കുണ്ട്. കാലിഗ്രാഫി എന്ന കല നിലനില്‍ക്കുന്നത് തന്നെ അറബി അക്ഷരങ്ങളിലൂടെയാണ്. വര്‍ത്തമാനകാലത്ത് അറബി ഭാഷയുടെ പുരോഗതിവിലയിരുത്താനായി 13 അറബി ഭാഷാ അക്കാദമികള്‍ ലോകത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ഖേദകരമെന്നു പറയട്ടെ, 2015ലെ കണക്കുപ്രകാരം വിജ്ഞാനസ്രോതസ്സിന്റെ ഇലക്ട്രോണിക് (ഇന്റര്‍നെറ്റ്) പതിപ്പില്‍ അറബി ഭാഷയുടെ ഉള്ളടക്കം പതിനാലാംസ്ഥാനത്താണ്. അതായത് 0.8 ശതമാനംമാത്രം. അതേസമയം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നവരില്‍ അറബ്‌ലോകം നാലാംസ്ഥാനത്താണ്.
അറബി ഭാഷക്കും സാഹിത്യത്തിനും ഇന്ത്യ പൊതുവിലും കേരളം പ്രത്യേകിച്ചും വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന യൂനിവേഴ്‌സിറ്റികളിലെല്ലാം അറബി പഠന-ഗവേഷണ കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ അറബി സര്‍വ കലാശാല സ്വപ്നമായി തുടരുമ്പോഴും പുതുതായി ആരംഭിച്ച കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലും മലപ്പുറം അലിഗഢ് സെന്ററിലും വൈകാതെ അറബി പഠന-ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കാം.
സ്വദേശിവല്‍ക്കരണവും പുതിയ അവസരങ്ങളും
ഈസി ഗവേണന്‍സിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും ഭരണഭാഷ മാതൃഭാഷയിലേയ്ക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വദേശിവല്‍ക്കരണത്തോടൊപ്പം മാതൃഭാഷാവല്‍ക്കരണവും അറബ്‌ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. അതുമുഖേന സ്വദേശിവല്‍ക്കരണം നടക്കാത്ത തൊഴില്‍മേഖലകളിലെല്ലാം അറിബി ഭാഷ പഠിച്ചവര്‍ക്ക് സാധ്യതകള്‍ വര്‍ധിക്കുകയാണ്. അറബിക് വെബ് എഡിറ്റിങ്, പ്രൊഫഷണല്‍ അറിബിക്, ട്രാന്‍സ്‌ലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ടൂറിസം, യൂനിവേഴ്‌സിറ്റികളിലെ വിവിധ പഠനവകുപ്പുകള്‍ തുടങ്ങി ഒട്ടനവധി പുതിയ മേഖലകളാണ് അറബി പഠിതാക്കളെ കാത്തിരിക്കുന്നത്.
അറബിക്ക് ഫോബിയയുടെ പിന്നാമ്പുറങ്ങള്‍
വര്‍ത്തമാനകാല ആഗോളസാധ്യതകള്‍ക്കനുസരിച്ച് അറബി ഭാഷ അന്താരാഷ്ട്രതലത്തില്‍ വേണ്ടത്ര മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നതു ദുഃഖകരമാണ്. രാഷ്ട്രീയവും വാണിജ്യപരവുമായ ഒളിയജന്‍ഡകളും ഉള്ളതിനാലാണ് പാശ്ചാത്യസമൂഹം ബോധപൂര്‍വമായ ഭീതി അറബി ഭാഷക്കും അതിന്റെ സംസ്‌കാരത്തിനും ചാര്‍ത്താന്‍ ശ്രമിക്കുന്നത്.
വാണിജ്യരംഗത്തിന്റെ സജീവ മാധ്യമമായി അറബി ഭാഷ എത്തുന്നതു മുതലാളിത്ത രാജ്യങ്ങളുടെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കു തടസമാകുമെന്നും അവരുടെ കച്ചവടതാല്‍പര്യങ്ങള്‍ തകര്‍ക്കുമെന്നുമുള്ള യാഥാര്‍ഥ്യബോധം പാശ്ചത്യലോകത്തെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അറബി ഭാഷയെ പള്ളികളിലേയ്ക്ക് ഒതുക്കാനും അതിന്റെ വാണിജ്യ, സാംസ്‌കാരിക രംഗപ്രവേശത്തെ ഭീതിയോടെ കാണാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അവര്‍ ലോകത്തു പ്രചരിപ്പിക്കുന്നു.
ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ഭാഷയെന്ന നിലയില്‍ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്‌ലിം സമൂഹം കടമയായി കാണുന്നുണ്ട്. അത് ആ ഭാഷയുടെ സാഹിത്യസൗന്ദര്യമോ, വര്‍ത്തമാനകാലത്തെ ഭൗതികസാധ്യതകളോ ലക്ഷ്യംവച്ചുള്ളതല്ല, ആത്മീയസമീപനമാണ്. ലോകത്തു പഴക്കംചെന്ന എല്ലാ ഭാഷകള്‍ക്കും ഇത്തരത്തില്‍ ആത്മീയമായ അസ്തിത്വവും അടുപ്പവും കാണാന്‍ കഴിയും.
മതരംഗത്തെ പാരമ്പര്യം ന്യൂനതയായി ഉയര്‍ത്തിക്കാട്ടുമ്പോഴും വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ഗോളശാസ്ത്രം, ഗണിതം തുടങ്ങി അനേകം വിജ്ഞാനശാഖകളുടെ അമൂല്യശേഖരം ഈ ഭാഷക്കകത്തുണ്ടെന്നത് ബോധപൂര്‍വമോ അല്ലാതെയോ ആധുനികലോകം മറന്നുപോകുന്നു. ആഗോളവാണിജ്യ ഭാഷയെന്ന പോയകാലത്തെ പ്രതാപവും പാരമ്പര്യവുമുപയോഗിച്ച് അറബി ഭാഷയും പൗരസ്ത്യദേശവും പുതിയ ലോകക്രമത്തില്‍ ഇടപെടുന്നതു പടിഞ്ഞാറ് കരുതലോടെയാണു നോക്കുന്നത്.
(ഫാറൂഖ് കോളജ് അറബിക് വകുപ്പില്‍
അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."