സര്‍ക്കാരിന്റെ തീരുമാനം മാറ്റും; സി.ബി.ഐക്കു പുതിയ മേധാവി വരും സി.ബി.ഐ ഡയറക്ടറെ കണ്ടെത്താനായി 26നു യോഗം
ന്യൂഡല്‍ഹി: കീഴ്‌വഴക്കം മറികടന്ന് നരേന്ദ്രമോദിയുടെ അടുപ്പക്കാരനും ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് അസ്താനയെ സി.ബി.ഐ ഡയറക്ടറായി നിയമിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും. അസ്താനയുടെ നിയമനത്തിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും സര്‍ക്കാര്‍ നടപടി കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്തതോടെയാണ് സി.ബി.ഐക്കു സ്ഥിരം മേധാവിയെ കണ്ടെത്താന്‍ തീരുമാനമായത്.
ഇതിനായി സുപ്രിംകോടതി ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭയിലെ പ്രതിപക്ഷകക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ ഈ മാസം 26നു യോഗം ചേരുന്നുണ്ട്.
നിലവിലെ സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ വിരമിച്ചതിനെ തുടര്‍ന്നാണ് കീഴ്‌വഴക്കവും സീനിയോരിറ്റിയും മറികടന്ന് രാകേഷ് അസ്താനക്കു താല്‍ക്കാലിക ചുമതല നല്‍കിയത്.
1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ (ഡി.എസ്.പി.എ) ചട്ടങ്ങള്‍ ലംഘിച്ചാണ് മോദിസര്‍ക്കാര്‍ അസ്താനയെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ജനുവരി 17ലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെയാണ് സി.ബി.ഐക്കു പുതിയ മുഴുവന്‍ സമയ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.
ഡി.എസ്.പി.എ 4എ യിലും 2013ലെ ലോപ്കാപല്‍ ആന്‍ഡ് ലോകായുക്ത ആക്ടിലും പറയുന്നത് ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് എന്നിവരങ്ങുന്ന മൂന്നംഗസമിതിയാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കേണ്ടത് എന്നാണ്. അംഗീകൃത പ്രതിപക്ഷനേതാവ് ഇല്ലെങ്കില്‍ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സമിതിയില്‍ ഉള്‍പ്പെടുത്തണം.
ഈ സമിതി ചേരാതെയാണ് നിലവിലെ സി.ബി.ഐ ഡയറക്ടര്‍ അനില്‍കുമാര്‍ സിന്‍ഹയുടെ കാലാവധി കഴിഞ്ഞതോടെ രാകേഷ് അസ്താനയെ നിയമിച്ചതെന്നാണ് ആരോപണം.
ഈ മാസം രണ്ടിനാണ് അനില്‍ സിന്‍ഹയുടെ കാലാവധി പൂര്‍ത്തിയായത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ ദത്തയാണ് കീഴ്‌വഴക്കമനുസരിച്ച് സി.ബി.ഐ മേധാവിയാകേണ്ടത്. സിന്‍ഹ വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ തസ്തിക സൃഷ്ടിച്ച് ആര്‍.കെ ദത്തയെ അവിടെ നിയമിച്ചു.
കല്‍ക്കരിപ്പാടം, 2ജി സ്‌പെക്ട്രം കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ മേല്‍നോട്ട ചുമതല ദത്തയ്ക്ക് ആയിരുന്നു. ഈ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിലെ അംഗങ്ങളെ അന്വേഷണം പൂര്‍ത്തിയാവും മുന്‍പ് മാറ്റരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്.
നിലവിലെ ഡയറക്ടര്‍ വിരമിക്കും മുന്‍പ് ചീഫ്ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന മൂന്നംഗസമിതി യോഗം ചേര്‍ന്നു പുതിയ സി.ബി.ഐ മേധാവിയെ കണ്ടെത്തേണ്ടതാണ്. ഈ നടപടിക്രമങ്ങളെല്ലാം ലംഘിച്ചാണ് അസ്താനയെ സി.ബി.ഐ മേധാവിസ്ഥാനത്തേക്കു മോദി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."