കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലെന്ന് പരാതി
ചാവക്കാട്: കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കടപ്പുറം പഞ്ചായത്ത് വാസികളുടെ പ്രധാന ആശ്രയമായ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്.
കിടത്തി ചികിത്സയും ലാബ് സൗകര്യവും നിലച്ചതോടെ ഉച്ചവരെ മാത്രമാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മുമ്പ് വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 40 കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം, എല്ലാവിധ ലാബ് സൗകര്യങ്ങളടക്കം ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനും മല്‍സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ആവശ്യമായ സൗകര്യം ഒരുക്കിയിരുന്നത്. കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആരെയും കിടത്തി ചികിത്സിക്കാറില്ല. ആകെയുള്ള മൂന്നു ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നല്‍കിയിട്ടുണ്ടെങ്കിലും ഇവരെയാരെയും ഉച്ചകഴിഞ്ഞ് ഈ പ്രദേശത്ത് കാണാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതുകൊണ്ട് തന്നെ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം.
ജീവനക്കാരില്ലാത്തതിനാല്‍ ലാബ് കൊണ്ടും രോഗികള്‍ക്ക് പ്രയോജനമൊന്നുമില്ല. ഇതോടെ പനിക്ക് അപ്പുറത്തേക്ക് എന്ത് രോഗമായാലും ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."