അമേരിക്കന്‍ മുങ്ങിക്കപ്പല്‍ ചൈനീസ് നാവിക സേന പിടിച്ചെടുത്തു
വാഷിംങ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ പര്യവേക്ഷണത്തിലേര്‍പെട്ട അമേരിക്കന്‍ മുങ്ങിക്കപ്പല്‍ ചൈനീസ് നാവികസേന പിടിച്ചെടുത്തു. ഫിലിപ്പൈന്‍സിന് സമീപത്തെ സ്യൂബിക് ഉള്‍ക്കടലില്‍നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെവച്ചായിരുന്നു അമേരിക്കന്‍ നേവിയുടെ ആളില്ലാ മുങ്ങിക്കപ്പലായ യു.എസ്.എന്‍.എസ് ബോഡ്‌വിച്ച് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ അമേരിക്ക ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് പെന്റഗണ്‍ ചൈനയ്ക്ക് നല്‍കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
കുറേ കാലമായി ഇരു രാജ്യങ്ങളും ദക്ഷിണ ചൈനാ കടലില്‍ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളും വിഷയത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അടുത്തകാലത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ സംഭവമാണിത്. ദക്ഷിണ ചൈനാ കടലില്‍ ചൈന സ്വാധീനം വ്യാപിപ്പിക്കുന്നതായി ഏറെ കാലമായി അമേരിക്ക ആരോപിക്കുന്നുണ്ട്.
പ്രശ്‌നം ഉചിതമായ രീതിയില്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കടലില്‍ അജ്ഞാതമായ ഉപകരണം ചൈനീസ് നാവികസേന കണ്ടെത്തിയെന്നും സമുദ്ര ഗതാഗതത്തിന് ഭീഷണിയായേക്കുമെന്ന് കരുതി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നുമാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ആദ്യം പ്രതികരിച്ചത്. ഈ ഉപകരണം തങ്ങളുടേതാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. വ്യാഴാഴ്ചയായിരുന്നു ചൈനീസ് നാവിക സേന മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത്.
ദക്ഷിണ ചൈനാ കടലില്‍ നിയമവിധേയമായി സര്‍വേ നടത്താന്‍ എത്തിയ മുങ്ങിക്കപ്പലാണ് ചൈന കൈവശപ്പെടുത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു. തങ്ങളുടേതാണെന്ന് ഇംഗ്ലീഷില്‍ വ്യക്തമായി എഴുതിയ യാനമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇത്തരം പ്രകോപനപരമായ നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ ചൈന ശ്രമിക്കണമെന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുങ്ങിക്കപ്പല്‍ പിടിച്ചെടുത്ത ചൈനീസ് നടപടിയുടെ പശ്ചാത്തലത്തില്‍ തായ്‌വാന്‍ കാര്യത്തില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതിയ വീക്ഷണം ഉചിതമായിരിക്കുമെന്ന് ബറാക് ഒബാമയും പ്രതികരിച്ചു. അമേരിക്കന്‍ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്ത നടപടിയില്‍ ചൈനീസ് പ്രതിരോധ മന്ത്രാലയം മൗനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."