അറബി ഭാഷയും കേരളവും
അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കച്ചവടത്തിനായി പുരാതന കാലം മുതല്‍ അറബികള്‍ കേരളത്തിലെത്തിയിരുന്നു. കച്ചവടത്തോടൊപ്പം ഭാഷാവിനിമയവും സാംസ്‌കാരിക കൈമാറ്റവും നടന്നുവെന്ന് ചരിത്രം പറയുന്നു. അറബിയെ മലയാളവുമായി ചേര്‍ത്ത് അറബിമലയാളം എന്ന എഴുത്ത് ഭാഷയും രൂപംകൊണ്ടു. ഇതുപോലെ അറബിത്തമിഴും മറ്റും രൂപം പ്രാപിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബി ഭാഷ എപ്പോള്‍ പ്രചരിച്ചുവെന്ന് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. അറബി ഭാഷാ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഒമ്പതാം നൂറ്റാണ്ടിലെ തരിസാ പള്ളി ശാസനങ്ങളിലാണ്.
ചേര രാജാവായ സ്ഥാണുരവി കുലശേഖരന്റെ കാലത്ത് (ക്രിസ്തു വര്‍ഷം 849 ) കൊല്ലത്ത് നിര്‍മ്മിച്ച തരിസാ പള്ളിക്ക് നല്‍കിയ പ്രദേശത്തിന്റെ ചെമ്പ് പട്ടയങ്ങളാണ് പ്രസ്തുത ശാസനം. അതില്‍ സാക്ഷികളായി അന്നത്തെ കൊല്ലം തീരത്തെ അറബി വ്യാപാരികളും കൂഫീ ലിപിയില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നതായി കാണാം. കേരളത്തിലെ അറബി ഭാഷാ സാന്നിധ്യം തെളിയിക്കുന്ന പ്രഥമ ചരിത്രരേഖ ഇതാണ്.
കേരളത്തിലെ പലയിടങ്ങളിലുമുള്ള ചില പ്രാചീന ഖബറിടങ്ങളില്‍ കാണുന്ന സ്മാരക ശിലകളില്‍ അറബി ലിപികള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്‌നു ബത്തൂത്ത മലബാറില്‍ നിലനിന്നിരുന്ന അറബി സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്
അറബി ഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ പല മഹാന്മാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം, ഖാളീ മുഹമ്മദ്, അഹ്മദ് കോയ ശാലിയാത്തി, വെളിയംകോട് ഉമര്‍ഖാളി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
കേരളത്തില്‍ നിന്നും ആദ്യമായി രചിക്കപ്പെട്ട അറബി ഗ്രന്ഥം എ.ഡി 1342 ല്‍ ഫഖീഹ് ഹുസൈനിന്റെ ഖൈദുല്‍ ജാമിഅ്' ആണ്.
പൊന്നാനിയിലെ മഖ്ദൂമുമാര്‍
കേരളത്തിലെ അറബി പ്രചരണത്തിന് പിന്നില്‍ പൊന്നാനി മഖ്ദൂമുമാര്‍ക്ക് വലിയ പങ്കുണ്ട്. ശൈഖ് സൈനുദ്ദീന്‍ ബിന്‍ അലിയാണ് പൊന്നാനിയിലെ മതപഠനസ്ഥാപകന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ ഇവിടെ പഠനം നടത്തിയിരുന്നു.
കേരളീയ പണ്ഡിതന്മാരില്‍ വിപുലമായ തോതില്‍ അറബിയില്‍ ആദ്യമായി സാഹിത്യരചന നടത്തിയത് ശൈഖ് സൈനുദ്ദീന്‍ ഒന്നാമനായിരുന്നു. നിയമശാസ്ത്രം, ആധ്യാത്മശാസ്ത്രം എന്നീ മേഖലകളിലായിരുന്നു കൂടുതല്‍ രചനകള്‍. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം രചിച്ച 'തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ഹാദി അബദത്തി സ്സുല്‍ബാന്‍' എന്ന കാവ്യം അതില്‍ പ്രധാനപ്പെട്ടതാണ്.
1498ല്‍ വാസ്‌കോഡ ഗാമ മലബാര്‍ തീരത്ത് കപ്പലിറങ്ങിയതു മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ വര്‍ണനാതീതമായിരുന്നു. ഇതിനെതിരെ സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച ഈ കാവ്യം 150 വരികളിലായി പ്രസ്തുത ചരിത്രസന്ധിയെ വിശകലനം ചെയ്തിരിക്കുന്നു. സുന്ദരമായ സാരോപദേശങ്ങളും തത്വങ്ങളും അടങ്ങിയ കാവ്യഗ്രന്ഥമായ 'അദ്കിയ' അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനാണ് കേരളീയ പണ്ഡിതന്മാരില്‍ ലോകപ്രശസ്തനായ അറബി ഭാഷാ പണ്ഡിതന്‍. ഒരു കേരളീയന്‍ രചിച്ച പ്രഥമ കേരള ചരിത്രം ഇദ്ദേഹത്തിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം, പോര്‍ച്ചുഗീസ് ആഗമനം, ഹൈന്ദവരുടെ ആചാരങ്ങള്‍, യുദ്ധാഹ്വാനം തുടങ്ങിയ വിഷയങ്ങളാണ് പറയുന്നത്.
ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് റോളണ്ട്‌സണ്‍ 1832ല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പിന്നീട് മദ്രാസ് സര്‍വ്വകലാശാലയിലെ ഹുസൈന്‍ നൈനാറും ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കുകയുണ്ടായി. വിവിധ ഭാരതീയ, യൂറോപ്യന്‍ ഭാഷകളിലായി ധാരാളം പരിഭാഷകള്‍ പുറത്തിറങ്ങിയത് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ 'ഫത്ഹുല്‍ മുഈന്‍' ഇദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന മറ്റൊരു രചനയാണ്. രണ്ട് അറബി പണ്ഡിതന്മാര്‍ ഈ ഗ്രന്ഥത്തിന് വിശദീകരണം എഴുതിയിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പോലും പാഠ്യവിഷയമാണ്. ചെറുതും വലുതുമായ പത്തോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്.
ഖാളി മുഹമ്മദ്
പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് ജീവിച്ച മറ്റൊരു കേരളീയ അറബി പണ്ഡിതനാണ് 1577 ല്‍ കോഴിക്കോട് ജനിച്ച ഖാളി മുഹമ്മദ്. 'ഇലാ കം അയ്യുഹല്‍ ഇന്‍സാന്‍' എന്ന അറബി കാവ്യവും മുഹ്‌യുദ്ദീന്‍ മാല എന്ന അറബിമലയാള കാവ്യത്തിന്റെയും രചയിതാവ്. വളരെ പ്രസിദ്ധമായ മറ്റൊരു കാവ്യസൃഷ്ടിയാണ് 'അല്‍ഫത്ഹുല്‍ മുബീന്‍' എന്ന അധിനിവേശ വിരുദ്ധ കാവ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കിരാതചിത്രങ്ങള്‍ ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു.
വെളിയംകോട് ഉമര്‍ ഖാളി
1755 ല്‍ ജനിച്ച വെളിയംകോട് ഉമര്‍ ഖാളി കവിയായിരുന്നു. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് കവിതകള്‍ രചിച്ചിരുന്നു. അദ്ദേഹത്തിന് റൗളാ സന്ദര്‍ശനവേളയില്‍ അകത്തേക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ചൊല്ലിയ കവിത ലോകപ്രശസ്തമാണ്.
പിന്നീട് 'മഖാസിദുന്നികാഹ്', 'സ്വല്ലല്‍ ഇലാഹ്', 'നഫാഇസു ദുറൂര്‍' തുടങ്ങിയ ദീര്‍ഘ കാവ്യങ്ങളും രചിച്ചു.
സയ്യിദ് ജിഫ്രിയുടെ 'കന്‍സുല്‍ ബറാഹീന്‍', മമ്പുറം തങ്ങള്‍ രചിച്ച 'അസ്സൈഫുല്‍ ബത്താര്‍', സയ്യിദ് ഫസലിന്റെ 'ഉദ്ദത്തുല്‍ ഹുക്കാം' തുടങ്ങിയ രചനകളും അറബ് ലോകത്തേക്ക് കേരളത്തില്‍ നിന്നുള്ള സംഭാവനയാണ്.
ആദ്യത്തെ അറബിക് കോളജ്
ഇരുപതാം നൂറ്റാണ്ടില്‍ അറബി ഭാഷാ രംഗം സജീവമായത് ചാലിലകത്ത് കുഞ്ഞഹമ്മദാജി വാഴക്കാട് ആരംഭിച്ച തന്‍മിയത്തുല്‍ ഉലൂം മദ്‌റസയുടെ ആവിര്‍ഭാവത്തോടെയായിരുന്നു. പരമ്പരാഗതമായ പള്ളി ദര്‍സ് സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് 1909 ല്‍ ഈ ഭാഷാ കോളജ് സ്ഥാപിച്ചത്.
പുതിയ വര്‍ത്തമാനം
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അറബി ഭാഷാ പഠനരംഗത്ത് വലിയ കുതിപ്പുകളുണ്ടായി. പതിനയ്യായിരത്തില്‍ പരം പ്രാഥമിക മദ്‌റസകള്‍, പ്രാഥമിക തലത്തില്‍ പൊതു വിദ്യാലയങ്ങള്‍, അഞ്ഞൂറിലധികം സമാന്തര അറബി കോളജുകള്‍, അമ്പതോളം അംഗീകൃത അറബിക് കോളജുകള്‍, അഞ്ച് യൂണിവേഴ്‌സിറ്റികള്‍, സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള അറബി ഭാഷാ വിഭാഗങ്ങളുടെ അന്‍പതോളം കോളജുകള്‍, ഇവിടെയെല്ലാം അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തില്‍ 12 ലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ ഈ ഭാഷ പഠിക്കുന്നുണ്ട്.
തകഴിയുടെ ചെമ്മീന്‍ (ഷമ്മീന്‍), വൈക്കം മുഹമ്മദ് ബഷീറിന്റെ യാ ഇലാഹി, സുരയ്യയുടെ യാ അല്ലാ, ബെന്യാമിന്റ ആടുജീവിതം (അയ്യാമുല്‍ മാഇസ്) തുടങ്ങിയ മലയാളം പുസ്തകങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
അറബി ഭാഷാ സമരം
കേരളത്തിലെ അറബി ഭാഷാ സാന്നിധ്യം പറയുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ് 1980 ജൂലൈ 30 ലെ ഭാഷാസമരം. സ്‌കൂളുകളില്‍ അറബി ഭാഷാ പഠനം ഒഴിവാക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റ് പിക്കറ്റിങോടു കൂടിയാരംഭിച്ച സമരമാണിത്.
സമരം സംഘര്‍ഷത്തിലേക്കു നീങ്ങുകയും പൊലിസ് വെടിയുതിര്‍ക്കുകയും ചെയ്തു. മലപ്പുറം കാളികാവിലെ കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദു റഹ്മാന്‍, മൈലപ്പുറത്തെ മജീദ് എന്നിവര്‍ വെടിയേറ്റു മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."