കാക്കിക്കാലുറകളുടെ രാഷ്ട്രീയ ഐക്യം
'കുട്ടിസഖാക്കള്‍ പൊലിസായാല്‍ പട്ടാളപ്പണി ഞങ്ങളെടുക്കും' - 1987ല്‍ അധികാരത്തിലേറിയ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നാദാപുരത്ത് സി.പി.എം- മുസ്‌ലിം ലീഗ് സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍ ലീഗുകാരുടെ പ്രകടനങ്ങളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇത്. പൊലിസ് സംവിധാനം ഡി.വൈ.എഫ്.ഐക്കാരുടെ നിയന്ത്രണത്തിലാണെന്നും അതിനെ നേരിടുമെന്നുമൊക്കയായിരുന്നു മുദ്രാവാക്യത്തിന്റെ അര്‍ഥം.
അതിലേറെ കൗതുകകരമായിരുന്നു സി.പി.എം പ്രകടനങ്ങളിലെ മറുമുദ്രാവാക്യം. 'പട്ടാളപ്പണി നിങ്ങളെടുത്താല്‍ കുംഭവും മീനവും ഞങ്ങളെടുക്കും' എന്ന്. തിരിച്ചടിച്ചാല്‍ ഏറ്റവുമധികം നാളികേരവിളവുണ്ടണ്ടാകുന്ന കുംഭം, മീനം മാസങ്ങളില്‍ ലീഗുകാരുടെ പറമ്പുകളിലെ നാളികേരക്കുലകള്‍ കൊയ്തുകൊണ്ടണ്ടുപോകുമെന്നര്‍ഥം. തേങ്ങയ്ക്കു വിലയുള്ള കാലമായിരുന്നല്ലോ അത്.
പറഞ്ഞുവന്നതു തേങ്ങാകാര്യമല്ല. ആദ്യ മുദ്രാവാക്യത്തില്‍ പറഞ്ഞതുപോലെ പൊലിസും രാഷ്ട്രീയക്കാരും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളെക്കുറിച്ചാണ്. പൊലിസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നുമൊക്കെ ഭരണപക്ഷനേതാക്കള്‍ സ്റ്റേജില്‍ പറയാറുണ്ടെങ്കിലും നാടു ഭരിക്കുന്നവരുടെ പാര്‍ട്ടി ഓഫിസ് വഴി പോകുന്നതാണു പലപ്പോഴും പൊലിസിന്റെ നാട്ടുനടപ്പ്.
തിരിച്ചു ഭരണകക്ഷിക്കാര്‍ പൊലിസിനെയും സഹായിക്കും. പ്രത്യേകിച്ചു പ്രതിപക്ഷപ്രവര്‍ത്തകരെ എന്തെങ്കിലും കേസില്‍പെടുത്തുകയോ പിടികൂടുകയോ ഒക്കെ ചെയ്യുന്ന കാര്യത്തില്‍. ഇതു ഭരണപക്ഷത്തിന്റെ ഉത്തരവാദിത്തമായാണു നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ കാണുന്നത്.
ഇക്കാര്യത്തില്‍ രാഷ്ട്രീയഭേദം നോക്കാത്തവരാണു സംഘികളെന്നു പുതുതലമുറ വിളിക്കുന്ന സംഘ്പരിവാര്‍. പേരിലുള്ളതുപോലെ അവര്‍ സ്വയംസേവകര്‍ മാത്രമല്ല, പരസേവകര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഭരിക്കുന്നത് ആരുതന്നെയായാലും അവര്‍ പൊലിസിനെ സഹായിക്കും. ആരുടെയെങ്കിലും ദേഹത്തു കൈവയ്ക്കാന്‍ അവര്‍ക്കുകൂടി അവസരം കിട്ടുന്ന കാര്യമാണെങ്കില്‍ എന്തു ത്യാഗം സഹിച്ചും പൊലിസിനൊപ്പം നില്‍ക്കും.
അതുകൊണ്ടാണ് കേരളം ഭരിക്കുന്നതു സ്വന്തംപ്രവര്‍ത്തകരെ കൊല്ലുന്ന പാര്‍ട്ടിയാണെന്ന വിവേചനം കാണിക്കാതെ കോഴിക്കോട്ടു മാവോയിസ്റ്റ് നേതാവു കുപ്പു ദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതു കൈയൂക്കുകൊണ്ടു തടയാന്‍ പൊലിസിനേക്കാള്‍ വീറോടെ അവര്‍ ചാടിയിറങ്ങിയത്. ഭരണകൂടത്തിനും പൊലിസിനും കാര്യമായി വിയര്‍ക്കാതെതന്നെ ലക്ഷ്യം നേടാന്‍ സംഘികള്‍ സഹായിച്ചു.
അവിടെയും തീര്‍ന്നില്ല. ഓരോ സിനിമ തുടങ്ങുന്നതിനു മുമ്പും തിയറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്നും കാണികള്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമൊക്കെയുള്ള കോടതിവിധി നടപ്പാക്കാന്‍ പൊലിസിനെ സഹായിക്കാന്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സംഘികളെത്തി. തിയറ്ററില്‍ ദേശീയഗാനമാലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ പിടിച്ചുകൊടുത്തു കേസെടുപ്പിച്ചും പ്രേക്ഷകരുടെ ദേശസ്‌നേഹത്തിനു മാര്‍ക്കിട്ടുമൊക്കെ അവര്‍ പൊലിസിന്റെ പണി എളുപ്പമാക്കിക്കൊടുത്തു.
ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കാനെത്തി ചട്ടംലംഘിച്ചു ദേശീയഗാനമാലപിച്ച സംഘികളുടെ പേരില്‍ കേസെടുക്കാതെ പൊലിസ് അതിനു പ്രത്യുപകാരവും ചെയ്തു. ഒരു പാലമിടുന്നതു കൊടുങ്ങല്ലൂരിലായാലും അങ്ങോട്ടും ഇങ്ങോട്ടും നടക്കാനാണല്ലോ.
കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘികളും പൊലിസും തമ്മിലുള്ള ഇരിപ്പുവശം ഇങ്ങനെയാണ്. ഇരുകൂട്ടരും ഉടുക്കുന്ന വസ്ത്രത്തിന്റെ സാമ്യം മാത്രമാവില്ല അതിനു കാരണം. ഒരുകാലത്ത് പൊലിസും സംഘികളും ഉടുത്തിരുന്നതു കാക്കി നിക്കറാണ്. പിന്നീട് പൊലിസിന് നിക്കര്‍ മാറ്റി നീളന്‍ കാലുറയാക്കി. അടുത്തകാലത്ത് ആര്‍.എസ്.എസും നിക്കര്‍ മാറ്റി നീളന്‍ കാലുറയാക്കിയിട്ടുണ്ട്. നിറം അന്നുമിന്നും കാക്കി തന്നെ.
നിഷ്ഠൂരതയുടെയും ഭീകരതയുടെയും പ്രതീകമാണു കാക്കി നിറമെന്നു ബ്രിട്ടിഷ് ഭരണകാലത്തും സ്വാതന്ത്ര്യം കിട്ടിയ ശേഷവുമൊക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി തവണ പൊലിസുകാര്‍ നമുക്കു കാട്ടിത്തന്നിട്ടുണ്ട്. ഒരുപാടു കാലമായി സംഘികളും അതുതന്നെ ചെയ്യുന്നു. പിന്നെ ഒരേതൂവല്‍പക്ഷികള്‍ ഒരുമിച്ചു പറക്കുന്നതില്‍ അദ്ഭുതമില്ലല്ലോ.
*******
സംഘികള്‍ പൊലിസിനെ സഹായിക്കുന്നതു ഫാസിസം തുടിക്കുന്ന ഹൃദയങ്ങളുടെ ഐക്യത്തിന്റെ ഭാഗമായാണെങ്കിലും മറ്റു പാര്‍ട്ടിക്കാര്‍ അതു ചെയ്യുന്നതു രാഷ്ട്രീയചുമതലയുടെ ഭാഗമായാണ്. അതുകൊണ്ടാണു കഴിഞ്ഞദിവസം എറണാകുളത്തെ ചേരാനല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ പ്രതി മരിച്ച സംഭവം പൊലിസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി പത്രത്തില്‍ ചരമ പേജില്‍ 'അയല്‍വാസിയെ കുത്തിയ പ്രതി ലോക്കപ്പില്‍ മരിച്ചനിലയില്‍' എന്ന തലക്കെട്ടില്‍ സ്വാഭാവികമരണമെന്ന മട്ടില്‍ വാര്‍ത്തയായത്.
ഭരണം യു.ഡി.എഫിനായിരുന്നെങ്കില്‍ ഇതേ പത്രത്തിന് ഇതു വലിയൊരു മനുഷ്യാവകാശ പ്രശ്‌നമാകുമായിരുന്നു. കസ്റ്റഡിമരണമെന്ന വലിയ തലക്കെട്ടോടെ ഒന്നാംപേജിലായിരിക്കും വാര്‍ത്തവരുക. പൊലിസ് ഭീകരതയെക്കുറിച്ചു വാര്‍ത്ത വേറെയും വരും. മറ്റു പല മാധ്യമങ്ങളും പൊലിസ് മര്‍ദനമുണ്ടായെന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടു കസ്റ്റഡി മരണം എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്.
ഇത് ഒരു പാര്‍ട്ടിയുടെ പത്രത്തിന്റെ മാത്രം കാര്യമല്ല. ഭരിക്കുന്നതു മറ്റാരെങ്കിലുമായിരുന്നാലും അവരുടെ പാര്‍ട്ടി പത്രവും ഇതുപോലൊക്കെയായിരിക്കും വാര്‍ത്ത കൊടുക്കുക. മരണത്തെക്കുറിച്ചു ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ പറയുന്ന കാര്യവും വ്യത്യസ്തവുമായിരിക്കും. ഒരുകണക്കിനു നോക്കിയാല്‍ മനുഷ്യാവകാശം, നീതി, ജനാധിപത്യം എന്നൊക്കെയുള്ള വാക്കുകള്‍ നമ്മുടെ സൗകര്യത്തിനനുസരിച്ച് എടുത്തു പ്രയോഗിക്കാനുള്ളതല്ലേ. വേണ്ടാത്തിടത്ത് അതൊക്കെ പറഞ്ഞു പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമുണ്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."