ലോകത്ത് ഏറ്റവും മനോഹരമായ സംസ്‌കാരം പഠിപ്പിക്കുന്നത് ഇസ്‌ലാം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
വാടാനപ്പള്ളി: ലോകത്ത് ഏറ്റവും മനോഹരമായ സംസ്‌കാരം പഠിപ്പിക്കുന്നത് ഇസ്‌ലാമാണെന്നും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുന്ന ഇസ്‌ലാമിനെ വര്‍ഗീയമായും ഭീകര മതമായും ചിത്രീകരിക്കുന്നതിന് പിന്നില്‍ ചിലരുടെ അജണ്ടയുണ്ടെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തളിക്കുളം ഇടശ്ശേരിയില്‍ നടന്ന മത വിജ്ഞാന സദസും നബിദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
നാം മാതൃകയാക്കേണ്ട പ്രവാചകനെ മറന്നു പകരം സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയും സ്‌ഫോടനങ്ങള്‍ നടത്തുകയും ചെയ്യുന്ന അബൂബക്കര്‍ ബാഗ്ദാദിയെ പോലുള്ളവരെയാണ് ഇപ്പോള്‍ മാതൃകയാക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഐ.എസ്.ഐ.എസിനെ പോലെയുള്ള ഭീകര സംഘടനകള്‍ ഇസ്‌ലാമിനെയല്ല മാതൃകയാക്കുന്നത്. ഇത്തരം സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇസ്‌ലാമിന്റെമേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനമാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശമെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) തങ്ങളെ പിന്‍പറ്റി പരിശുദ്ധ ഖുര്‍ആനെ ഇമാമാക്കി ജീവിക്കാന്‍ ഓരോ വിശ്വാസിയും തയാറാകണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. മഹല്ല് പ്രസിഡന്റ് ശംസുദ്ദീന്‍ പടുവിങ്ങല്‍ അധ്യക്ഷനായി.
സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരവും ചടങ്ങില്‍ മുനവ്വറലി തങ്ങള്‍ വിതരണം ചെയ്തു. മഹല്ല് സെക്രട്ടറി പി.എം അമീര്‍ഷ സ്വാഗതം പറഞ്ഞു.
ഇടശ്ശേരി മഹല്ലും ഇടശ്ശേരി ഇസ്‌ലാമിക് അസോസിയേഷന്‍ യു.എ.ഇയും എസ്.കെ.എസ്.എസ്.എഫ് ഇടശ്ശേരി യൂനിറ്റും സംയുക്തമായാണ് മത വിജ്ഞാന സദസ് സംഘടിപ്പിച്ചത്. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കെ.എ ഹാറൂണ്‍റഷീദ്, മഹല്ല് ഖത്തീബ് ഉമര്‍ ബാഖവി, അസിസ്റ്റന്റ് ഖത്തീബ് ഷബീര്‍ ബാഖവി, എം.കെ ബഷീര്‍, കെ.കെ ബഷീര്‍, എ.എം മജീദ്, പി.എ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."